തിരുവനന്തപുരം: മുൻ ഡ്രൈവറുടെ പരാതിയിൽ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്തതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി. സുധാകരനെതിരെ അന്വേഷണം നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്‍റെ പരാതിയിലുള്ള പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വിജിലൻസ് തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് ശിപാർശ ചെയ്തിട്ടുള്ളത്.
കണ്ണൂർ ഡി.സി.സി ഓഫിസ് നിർമാണം, കെ. കരുണാകരന്‍ ട്രസ്‌റ്റ് എന്നിവയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തിയത്. 2010ൽ കെ. കരുണാകരെൻറ മരണത്തിനു ശേഷമാണ് കെ. സുധാകരൻ ചെയർമാനായി ലീഡർ കെ. കരുണാകരൻ സ്‌മാരക ട്രസ്‌റ്റ് രൂപവത്കരിച്ചത്.
ചിറക്കൽ കോവിലകത്തിെൻറ ഉടമസ്ഥതയിലായിരുന്ന രാജാസ് ഹയർസെക്കൻഡറി, യു.പി സ്‌കൂളുകളും ഏഴര ഏക്കർ സ്ഥലവും 16 കോടി രൂപക്ക് വാങ്ങാൻ ട്രസ്‌റ്റ് തീരുമാനിച്ചിരുന്നു. എന്നാൽ കോടികൾ സമാഹരിച്ചശേഷം സുധാകരൻ തന്നെ ചെയർമാനായി കണ്ണൂർ എജ്യുപാർക്ക് എന്ന സ്വകാര്യ കമ്പനി രൂപവത്കരിച്ചു.
ഈ കമ്പനിയുടെ പേരിൽ സ്‌കൂൾ രജിസ്‌റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ ഇടപാടിൽ നിന്ന് കോവിലകം മാനേജ്‌മെൻറ് പിന്മാറി. സ്‌കൂൾ പിന്നീട് ചിറക്കൽ സർവിസ് സഹകരണ ബാങ്ക് വാങ്ങി. ഇടപാട് നടന്നില്ലെങ്കിലും പിരിച്ചെടുത്ത പണം പലർക്കും ഇനിയും തിരിച്ചു കൊടുത്തില്ലെന്നാണ് പ്രശാന്ത് ബാബു വിജിലൻസിന് നൽകിയ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.