പാലക്കാട്: പിണക്കം ഉള്ളിലൊതുക്കി ഞായറാഴ്ച കെ. മുരളീധരൻ പാലക്കാട്ട് പ്രചാരണത്തിനെത്തും. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് താനുണ്ടാകില്ലെന്ന് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾതന്നെ മുരളീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ചയും നിലപാട് ആവർത്തിച്ച മുരളിയോട് പ്രചാരണത്തിന് എത്തണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിലും മുരളീധരനോട് ഫോണിൽ സംസാരിച്ചതായാണ് വിവരം.
പാലക്കാട്ടെ പ്രചാരണയോഗങ്ങളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമാകും മുരളീധരൻ പങ്കെടുക്കുക. ആദ്യം പാലക്കാട് സ്ഥാനാർഥിയായി ഡി.സി.സി നൽകിയ കത്തിൽ നിർദേശിച്ചിരുന്നത് കെ. മുരളീധരനെയായിരുന്നു. പക്ഷേ, പ്രഖ്യാപനം വന്നപ്പോൾ സ്ഥിതിഗതികൾ മാറി. രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുശേഷമാണ് ഡി.സി.സി നേതൃത്വം അയച്ച കത്ത് പുറത്തുവന്നത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു.
മേപ്പറമ്പ് ജങ്ഷനിൽ ഞായറാഴ്ച വൈകീട്ട് ആറിന് പൊതുയോഗത്തിൽ മുരളീധരൻ സംസാരിക്കും. തിങ്കളാഴ്ച രാവിലെ എട്ടിന് പാലക്കാട് കണ്ണാടിയിൽ കർഷകരക്ഷ മാർച്ചും മുരളീധരൻ ഉദ്ഘാടനം ചെയ്യും. പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ അംഗമായതിനു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.