തിരുവനന്തപുരം: ശബരിമലയിൽ എല്ലാവർക്കും പ്രവേശനം അനുവദിക്കുമെന്ന് പറയുന്ന കൈപുസ്തകം പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി കെ.രാധകൃഷ്ണൻ. തീർഥാടന ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നൽകിയ കൈപുസ്തകത്തിലാണ് വിവാദ നിർദേശം ഉൾപ്പെട്ടത്. 2018ലെ സുപ്രീംകോടതി വിധിപ്രകാരം ശബരിമലയിൽ എല്ലാ തീർഥാടകർക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നായിരുന്നു കൈപുസ്തകത്തിൽ പറഞ്ഞത്.
ശബരിമല യുവതി പ്രവേശനത്തിൽ നിലവിലുള്ള സ്ഥിതി തുടരും. പൊലീസിന് നൽകിയത് പഴയ കൈപുസ്തകമാണ്. അത് പിൻവലിക്കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയിലെ കൈപുസ്തകത്തിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തി.
ഒരിക്കൽ വിശ്വാസികൾ നിങ്ങളെക്കൊണ്ടു തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട കുറിപ്പ്. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികൾ സുപ്രീകോടതിയുടെ പരിഗണനയിലാണ്.
ശബരിമല: തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണം വിലയിരുത്താൻ സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഭക്തജനത്തിരക്കുണ്ടാകുമെന്നിരിക്കെ വിവിധ വകുപ്പുകൾ മുന്നൊരുക്കം നടത്താത്തതിൽ മന്ത്രി അസംതൃപ്തി രേഖപ്പെടുത്തി. വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇത്തവണത്തെ തീർഥാടന കാലം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അവലോകന യോഗമാണ് സന്നിധാനത്ത് ചേർന്നത്. കഴിഞ്ഞ രണ്ടുവർഷം തിരക്കൊഴിഞ്ഞതിനാൽ അടിസ്ഥാന സൗകര്യങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയിരുന്നില്ല. ഇത്തവണ ഇതിനായി നേരത്തേ ശ്രമം തുടങ്ങിയെങ്കിലും പലതും പാതിവഴിയിലാണ്. ശുചിമുറികളുടെ ലേല നടപടി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. പമ്പയിലെ സ്നാന ഘട്ടങ്ങളിലെ വെളിച്ചക്കുറവ് പരിഹരിക്കാൻ മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.