കണ്ണൂർ: മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ നടന്ന വധശ്രമ കേസിന്റെ ഗൂഢാലോചനയിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി. സതീശൻ എന്നിവർക്കും പങ്കുണ്ടെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഗൂഢാലോചന കേസിൽ ഇവരെ രണ്ടുപേരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്യും. സംസ്ഥാന പൊലീസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്ന് സനോജ് പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫിസിൽ നിന്ന് സുധാകരന്റെ അറിവോടെയാണ് ട്രാവൽ ഏജൻസിയിൽ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തത്.
സുധാകരൻ പ്രതികളെ ജയിലിൽ സന്ദർശിച്ചതും വി.ഡി. സതീശൻ ഞങ്ങളുടെ അറിവോടെയാണ് സമരം നടന്നത് എന്ന് പറഞ്ഞതും യൂത്ത് കോൺഗ്രസ് വാട്സ് ആപ്പ് ചാറ്റ് വഴി പുറത്തുവന്ന വിവരങ്ങളും ഗൂഢാലോചന ശരിവെക്കുന്നതാണെന്ന് സനോജ് പറഞ്ഞു.
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ക്രിമിനൽ കേസ് നിയമത്തിന് മുന്നിൽ നിലനിൽക്കുന്നതല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സ്വകാര്യ അന്യായത്തിന്‍റെ ഭാഗമായി മജിസ്ട്രേറ്റിന്‍റെ മുന്നിൽ വരുന്ന പരാതി അന്വേഷിക്കാൻ പൊലീസിനോട് പറയുന്നത് സാധാരണ നിലയിലെ നിയമനടപടിയാണ്. കുറ്റംസംബന്ധിച്ച ആരോപണം ശരിയോ തെറ്റോയെന്ന് പരിശോധിക്കേണ്ടത് അന്വേഷണ ഏജൻസികളാണ്. അത് കോടതിയുടെ പരിഗണനാ വിഷയമല്ല. ക്രമസമാധാനവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതലയാണ് ഗൺമാൻ നിർവഹിച്ചത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ കാണുമ്പോൾ അത് കണ്ടുനിൽക്കലല്ല ദൃക്സാക്ഷിയുടെ കടമയെന്നും ബാലൻ പറഞ്ഞു.
തിരുവനന്തപുരം: ഇ.പി. ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ തിരിച്ചടിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതലേ സര്‍ക്കാറും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ചീട്ടുകൊട്ടാരംപോലെ പൊളിയുകയാണ്. ഇടത് അനുഭാവ അസോസിയേഷന്റെ നിയന്ത്രണത്തിലാണ് പൊലീസെന്ന ആരോപണം ഗൗരവമുള്ളതാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരെ കേസെടുത്തതിനുപിന്നില്‍ അസഹിഷ്ണുതയാണെന്നും ചെന്നിത്തല പ്രസ്താവിച്ചു.
മട്ടന്നൂര്‍: സത്യം ജയിക്കുമെന്ന് ഇ.പി. ജയരാജനെതിരെ കോടതിയില്‍ ഹരജി നല്‍കിയ യൂത്ത്കോൺഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരിൽ ഒരാളാണ് ഫര്‍സീന്‍ മജീദ്.
കേരളത്തിലെ ഭരണകൂടവും പൊലീസും തങ്ങള്‍ക്ക് നിഷേധിച്ച നീതി നീതിന്യായ വ്യവസ്ഥിതിയില്‍നിന്ന് ലഭിച്ചു. കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ നല്ല നിലയില്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പിക്കാനുള്ള മാന്യതയെങ്കിലും പൊലീസ് കാണിക്കണമെന്നും ഫര്‍സീന്‍ മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.