ആലപ്പുഴ: കോൺഗ്രസ് വിട്ട മുൻ ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ അടക്കമുള്ളവർക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. അനിൽ കുമാർ അടക്കമുള്ളവർ പാർട്ടിയോട് നന്ദികേട് കാണിച്ചാണ് പോയതെന്ന് സുധാകരൻ പറഞ്ഞു.
ഇത്രമാത്രം കാര്യങ്ങൾ ചെയ്ത പാർട്ടിയിൽ നിന്നാണ് ഇന്നലെ വരെ ചവിട്ടിയരച്ച സി.പി.എമ്മിലേക്ക് പോയത്. ഒരു അനുയായിയുടെ പോലും പിന്തുണയില്ലാത്ത നേതാവ് കോൺഗ്രസിന് ഭാരമാണ്. അത്തരക്കാർ പാർട്ടിക്ക് മാലിന്യവും ബഹിഷ്കരിക്കേണ്ട അജീർണതയുമാണ്. പുറത്ത് പോയവരോടൊപ്പം ആരും പോയിട്ടില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് കെ.പി. അനിൽ കുമാറും ജി. രതികുമാറും സി.പി.എമ്മിലേക്ക് പോയതിനെ കെ. സുധാകരൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് പ്രവർത്തകരുമായി മറ്റൊരു പാർട്ടിയിലേക്ക് പോകുന്നവരെയാണ് നേതാവ് എന്ന് വിളിക്കേണ്ടതെന്നാണ് സുധാകരൻ പറഞ്ഞത്.
എ.കെ.ജി സെന്‍ററിലേക്ക് കേറി പോകുമ്പോൾ കൈ ചുമലിൽവെക്കാൻ ഒരു സഹപ്രവർത്തകൻ കൂടെ ഇല്ലായിരുന്നുവെന്ന് സി.പി.എമ്മിലേക്ക് പോയവർ ഒാർക്കണം. നിലവിൽ കോൺഗ്രസിൽ വിട്ട് പോയവരുടെ കൂടെ ആരും പോയിട്ടില്ല. പാർട്ടിയിൽ നിന്ന് നേതാവല്ല മറിച്ച് ഒരു കോൺഗ്രസുകാരനാണ് പോയതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽ വരുന്ന മാറ്റത്തിനും പരിവർത്തനത്തിനും തടസം നിൽകുന്ന ഒരുപാട് മാലിന്യങ്ങളെ പുറത്തേക്ക് തള്ളും. അത്തരം മാലിന്യങ്ങളെ എടുക്കുന്നത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.