ആത്മവിശ്വാസത്തിന്‍റെ ശബ്ദമായിരുന്നു പി.ടി തോമസ് എന്ന് കെ. സുധാകരൻ

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസിന്‍റെ ഒാർമ്മകളുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. ആത്മവിശ്വാസത്തിന്‍റെ ശബ്ദമായിരുന്നു പി.ടി തോമസ് എന്ന് കെ. സുധാകരൻ ഒാർമ്മിച്ചു. പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ച പി.ടിക്ക് പകരക്കാരനില്ലെന്ന് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഒരു നിമിഷം തരിച്ചിരുന്നുപോയി, വിശ്വസിക്കാൻ കഴിയുന്നില്ല. കോൺഗ്രസിന്‍റെ പുരോഗമന മുഖം പി.ടി തോമസ് കൂടെയില്ലെന്ന് ചിന്തിക്കാനാവുന്നില്ല. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി. കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്ന് സ്വന്തം വ്യക്തിത്വം കൊണ്ട് വളർന്നു പന്തലിച്ച നിലപാടിന്‍റെ ആൾ രൂപം.

അപ്രിയ സത്യങ്ങൾ പോലും സധൈര്യം ലോകത്തോടു വിളിച്ചു പറയാൻ ആർജ്ജവം കാണിച്ച നേരിന്‍റെ പോരാളി, എഴുപതിലും യുവത്വത്തിന്‍റെ പ്രസരിപ്പോടെ അണികളിൽ ആവേശം പടർത്തിയ പ്രിയപ്പെട്ടവൻ. വിശേഷണങ്ങൾ പോരാതെ വരും പ്രിയ പിടിക്ക്.

പ്രകൃതിയെയും മനുഷ്യനെയും കലർപ്പില്ലാതെ സ്നേഹിച്ച പി.ടിക്ക് പകരക്കാരനില്ല. കെ.പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റപ്പോൾ തോളോടുതോൾ ചേർന്ന് നയിക്കാൻ കലവറയില്ലാത്ത പിന്തുണ നൽകിയ ഞങ്ങളുടെ പ്രിയപ്പെട്ട പിടിയ്ക്ക് വിട.

ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.

നിലവിൽ കോൺഗ്രസ് നിയമസഭ കക്ഷി സെക്രട്ടറിയും എ.ഐ.സി.സി അംഗവുമാണ്. തൊടുപുഴയിൽ നിന്ന് രണ്ടു തവണ കേരള നിയമസഭയിലെത്തി. ഇടുക്കി ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.ടി തോമസ്, 2016 മുതൽ തൃക്കാക്കരയിൽ നിന്നുള്ള നിയമസഭാംഗമാണ്. 

Tags:    
News Summary - K Sudhakaran remember PT Thomas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.