കര്‍ഷകനെ കുരുതികൊടുത്തത് പിണറായി സര്‍ക്കാരെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: അമ്പലപ്പുഴയില്‍ രാജപ്പന്‍ എന്ന നെല്‍കര്‍ഷകനെ കുരുതികൊടുത്തത് സംസ്ഥാന സര്‍ക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില പൂർണര്‍ണ്ണമായും നല്‍കാത്തതു കാരണം സാമ്പത്തിക പ്രതിസന്ധിയിലായാണ് രാജപ്പന്‍ ജീവനൊടുക്കിയത്. എത്രയെത്ര കര്‍ഷകരെയാണ് ഈ സര്‍ക്കാര്‍ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സുധാകരൻ ചോദിച്ചു.

കൃഷിയില്‍നിന്നുള്ള വരുമാനം ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന കുടുംബമാണ് രാജപ്പന്റേത്. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം രാജപ്പനായിരുന്നു. സംഭരിച്ച നെല്ലിന്റെ തുക നല്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതമായ വീഴ്ച വരുത്തിയതു കാരണം കൃഷിയിറക്കാന്‍ കഴിയാതെ വരുകയും കാന്‍സര്‍ രോഗിയായ മകന്റെ ചികിത്സ മുടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ കടുത്ത മനോവിഷമത്തിലായിരുന്നു രാജപ്പന്‍.

കഴിഞ്ഞ ഏപ്രിലില്‍ സംഭരിച്ച നെല്ലിന്റ വിലയായി 1.5 ലക്ഷത്തിലധികം രൂപ രാജപ്പന്റെ കുടുംബത്തിന് കിട്ടാനുണ്ടായിരുന്നു. അവകാശപ്പെട്ട പണത്തിന് രാജപ്പന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറി ഇറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല. രാജപ്പന് നൽകാനുള്ള പണം ഉടനേ നല്കാനും അത്താണി നഷ്ടപ്പെട്ട ആ കുടുംബത്തിന് ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശക്ക് മറ്റും വായ്പയെടുത്താണ് കര്‍ഷകരില്‍ പലരും കൃഷിയിറിക്കുന്നത്. കൃത്യസമയത്ത് സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ ആകുമ്പോള്‍ അവരുടെ എല്ലാ കണക്ക് കൂട്ടലും തെറ്റും. അവരുടെ മാനസികനില പോലും തെറ്റും. നെല്ലിന്റെ വില അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ട രാജപ്പനെപ്പോലെയുള്ള നിരപരാധികളായ ഇനിയുമെത്ര കര്‍ഷകരുടെ ജീവന്‍ വെടിഞ്ഞാലാണ് പിണറായി സര്‍ക്കാര്‍ കണ്ണുതുറക്കുക.

പരസ്പരം പഴിചാരി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുടെ അവകാശങ്ങളോട് മുഖംതിരിക്കുകയാണ്. കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് വിലപിക്കുന്നതിന് പകരം കൃത്യമായ കണക്ക് നല്‍കി ശേഷിക്കുന്ന കേന്ദ്ര വിഹിതം വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പിണറായി സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കാരണമാണ് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയാകുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that the Pinarayi government has cheated the farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.