സര്‍ക്കാറിന് മുഖമടച്ച് കിട്ടിയ അടിയാണ് ഹൈകോടതി വിധി -കെ. സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാരെ സംരക്ഷിക്കുന്ന സര്‍ക്കാറിന്‍റെ മുഖത്തു കിട്ടിയ അടിയാണ് കുഫോസ് വി.സി നിയമനം അസാധുവാക്കിയ ഹൈകോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി.

യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ അവരുടെ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിച്ചത്. സാങ്കേതിക സര്‍വകലാശാലാ വി.സി നിയമനം സുപ്രീംകോടതിയും ഫിഷറീസ് സര്‍വകലാശാലാ വി.സി നിയമനം ഹൈക്കോടതിയും ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ നടപടി വി.സി മാര്‍ക്ക് നിയമനം നല്‍കിയ സര്‍ക്കാറിന്‍റെ വാദഗതികള്‍ യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നതിനുള്ള തെളിവാണ്.

ഫിഷറീസ് വി.സി നിയമനത്തില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ മധ്യതിരുവിതാംകൂറില്‍ നിന്നുള്ള ഒരു മന്ത്രി ഇടപെട്ടെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതം മുഖമുദ്രയാക്കിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് നടത്തിയ മുഴുവന്‍ സര്‍വകലാശാലാ നിയമനങ്ങളിലും സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോള്‍ ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നീക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുന്നത് യഥേഷ്ടം വിധേയരെ സര്‍വകലാശാലകളില്‍ നിയമിക്കുന്നതിനാണ്. ഗവര്‍ണ്ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്ന സര്‍ക്കാരിന്‍റെ നടപടി ആത്മാര്‍ഥതയില്ലാത്തതാണ്. നാളിതുവരെ ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഒപ്പം നിന്ന ഗവര്‍ണ്ണര്‍ പിന്‍മാറിയപ്പോള്‍ അതിനെ മറികടക്കാനുള്ള പൊടിക്കൈ മാത്രമാണിതെന്നും സുധാകരന്‍ പരിഹസിച്ചു. 

Tags:    
News Summary - K Sudhakaran statement on high court verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.