തൃശൂർ: അമിത് ഷാക്ക് മുന്നിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒന്നുമല്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. മന്ത്രി മുഹമ്മദ് റിയാസിന്‍റെ ആക്ഷേപത്തോട് പ്രതികരിച്ചു. സി.പി.എം സംസ്ഥാനത്ത് നടത്തുന്ന യാത്രയെ ബി.ജെ.പി ഭയക്കുന്നുവെന്നും എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ തൃശൂർ വിടുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂരിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് അതുകൊണ്ടാണെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘കേരളത്തിൽ ഇനിയും ബി.ജെ.പി നേതാക്കളെത്തും. മാർച്ച് അഞ്ചിന് അമിത് ഷാ തൃശൂരിൽ വൻ പൊതുസമ്മേളനത്തെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നത്. അമിത് ഷാ വരുന്നതിൽ ചിലർക്ക്, പ്രത്യേകിച്ച് മതഭീകരവാദികൾക്ക് വെപ്രാളമാണ്. മന്ത്രി മുഹമ്മദ് റിയാസ് വടക്കോട്ട് നോക്കാതെ റോഡിലെ കുഴിയടക്കാൻ നോക്ക്’ - സുരേന്ദ്രൻ പരിഹസിച്ചു.
കേരളത്തിൽ പരക്കെ തട്ടിപ്പാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നത് ശതകോടികളുടെ നീചമായ തട്ടിപ്പാണ്. സാധാരണക്കാരുടെ പണമാണ് കൊള്ളയടിച്ചത്. ഇത് ഉദ്യോഗസ്ഥതലത്തിൽ ഒതുങ്ങുന്നതല്ല. കുറ്റവാളികളെ കണ്ടെത്താൻ സർക്കാർ തയാറായിട്ടില്ല. തട്ടിപ്പിൽ കോൺഗ്രസിനും കൈയുണ്ട്. എം.വി. ഗോവിന്ദന്‍റെ യാത്ര നടക്കുമ്പോൾ സി.പി.എം കൂടുതൽ പ്രതിരോധലാണെന്നും ‘പ്രതിരോധ യാത്ര’എന്ന പേര് അന്വർഥമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയെ പ്രതിരോധിക്കാനാണ് യാത്ര നടത്തുന്നത്. ഇന്ധന സെസിനെ സർക്കാർ ന്യായീകരിക്കുകയാണ്. സി.പി.എം യാത്രയിലെ വാഹനങ്ങളിൽ ഇന്ധനം നിറച്ചത് മാഹിയിൽനിന്നാണ്. മുഖ്യമന്ത്രിയുടെ വാഹനം കണ്ണൂരിലെത്തിയാൽ ഇന്ധനം നിറക്കുന്നത് മാഹിയിൽനിന്നാണ്. ബി.ജെ.പിയുടെ ദേശീയ നേതാക്കൾ സംസ്ഥാന സർക്കാരിന്‍റെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഹിന്ദു സംഘടനകളും മുസ്ലിം സംഘടനകളും തമ്മിൽ സംസാരിക്കുന്നതിൽ എന്തിനാണ് സി.പി.എമ്മിന് വെപ്രാളമെന്നും സുരേന്ദ്രൻ ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി ആർ.എസ്.എസ് ചർച്ച നടത്തിയോ എന്നറിയില്ല. മുസ്ലിം സംഘടനകളുമായാണ് ചർച്ച നടത്തിയെന്നാണ് ആർ.എസ്.എസ് പറഞ്ഞത്. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ച് സി.പി.എം ചോര കുടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.