ജലീലിന്‍റേത് മുഖ്യമന്ത്രിക്കും സർക്കാറിനും വേണ്ടിയുള്ള വക്കാലത്ത് -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ.ടി ജലീൽ ലോകായുക്തയെ അധിക്ഷേപിച്ച് രംഗത്തെത്തിയത് ഭരണഘടനാ സ്ഥാപനങ്ങളെ സി.പി.എം വെല്ലുവിളിക്കുന്നതിന്‍റെ അവസാനത്തെ ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നേരത്തെ സി.എ.ജിയെയും ഗവർണറെയും സി.പി.എം അവഹേളിച്ചിരുന്നു. രാഷ്ട്രപതിയെ പോലും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ച സർക്കാരാണ് പിണറായി വിജ‍യന്‍റേത്. തങ്ങൾക്കെതിരെ കോടതി വിധി ഉണ്ടായാലും അംഗീകരിക്കില്ലെന്ന ധാർഷ്ട്യമാണ് ഓരോ സി.പി.എം നേതാവിനുമുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാറിനും വേണ്ടിയുള്ള വക്കാലത്താണ് ജലീൽ ഏറ്റെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും പേരിലുള്ള പരാതി ലോകായുക്ത പരിഗണിക്കാനിരിക്കുമ്പോഴാണ് സർക്കാർ ഓർഡിനൻസ് ഇറക്കി അഴിമതിക്ക് മറയിടാൻ ശ്രമിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ.ടി ജലീലിന്‍റെ മന്ത്രിസഭയിലെ രാജി.

ഇനിയും ലോകായുക്തക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചാൽ മുഖ്യമന്ത്രി ഉൾപ്പെടെ പല വമ്പൻമാരും രാജിവെക്കേണ്ടി വരുമെന്ന് സി.പി.എമ്മിന് അറിയാം. ഇത് മനസിലാക്കിയാണ് ലോകായുക്തയുടെ അധികാരം കവരാൻ സർക്കാർ ശ്രമിക്കുന്നത്. ലോകായുക്തയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന കോടിയേരിയുടെ വാദം വിവരക്കേടാണ്. അതിനുള്ള മറുപടി കാനം തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിശ്ചയിക്കപ്പെടാത്ത ദുബൈ സന്ദർശനത്തെ കുറിച്ച് സർക്കാർ വ്യക്തമാക്കണം. ദുബൈയിൽ മുഖ്യമന്ത്രി തങ്ങുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Tags:    
News Summary - K Surendran React to KT Jaleel Comments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.