ഡോ. എം. ലീലാവതി, ഡോ. എ. അജയ്ഘോഷ്, പ്രഫ. എം.എ. ഉമ്മൻ, പ്രഫ. സലിം യൂസഫി

പ്രഫ. സലിം യൂസഫിന് കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം; എം. ലീലാവതി, അജയ്ഘോഷ്, എം.എ. ഉമ്മൻ എന്നിവർക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്

തിരുവനന്തപുരം: ഗവേഷണരംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നൽകിവരുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പ്രഖ്യാപിച്ചു.

പ്രമുഖ ശാസ്ത്രജ്ഞർക്ക് അവരുടെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്, പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ട വിദ്യാർഥികള്‍ക്കുള്ള കൈരളി ഗവേഷക പുരസ്കാരം, റിസര്‍ച്ച് ഫാക്കല്‍റ്റിക്ക് നല്‍കുന്ന കൈരളി ഗവേഷണ പുരസ്കാരം എന്നിവയാണ് പ്രഖ്യാപിച്ചത്.

കാനഡ മാക്മാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍സ് പ്രഫസര്‍ സലിം യൂസഫിനാണ് കൈരളി ഗ്ലോബല്‍ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ്. വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് ഇവയിലെ സമഗ്ര സംഭാവനയ്ക്ക് കേരളീയരായ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ളതാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന ഈ പുരസ്കാരം.

ഡോ. എം. ലീലാവതി, ഡോ. എ. അജയ്ഘോഷ്, പ്രഫ. എം.എ. ഉമ്മൻ എന്നിവർ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡിനും അർഹരായി. വിവിധ ശാസ്ത്രശാഖകള്‍, സാമൂഹ്യശാസ്ത്രശാഖകള്‍, ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ് എന്നിവയി​ലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിലെ സ്ഥാപനങ്ങളിലുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ക്കുള്ള പുരസ്ക്കാരമാണിത്. രണ്ടര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.

കൈരളി ഗവേഷക പുരസ്കാര ജേതാക്കൾ:

ഡോ. സി.വി. സിജിലാ റോസിലി (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല), ഡോ. പി.വി. മയൂരി (ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കല്‍ സയന്‍സ് &ടെക്നോളജി, തിരുവനന്തപുരം / ബയോളജിക്കല്‍ സയന്‍സ്), ഡോ. എം.എസ്. സ്വപ്ന (കേരള സര്‍വകലാശാല / ഫിസിക്കല്‍ സയന്‍സ്), ഡോ. കെ. മഞ്ജു (കാലിക്കറ്റ് സര്‍വകലാശാല / ആര്‍ട്സ് ആന്‍ഡ് ഹ്യുമാനിറ്റീസ്) എന്നിവരാണ് ഗവേഷക പുരസ്കാരത്തിന് അർഹരായവർ.

ഇന്‍റര്‍ ഡിസിപ്ലിനറി മേഖലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനുള്ള പുരസ്ക്കാരം. 25,000 രൂപ വീതവും പ്രശസ്തിപത്രവും ഇവർക്ക് സമ്മാനിക്കും. കൂടാതെ, രണ്ടു വര്‍ഷത്തേയ്ക്ക് റിസര്‍ച്ച് ഗ്രാന്‍റായി നാലു ലക്ഷം രൂപ വീതവും യാത്രാ ഗ്രാന്‍റായി 75,000 രൂപ വീതവും നൽകും.

കൈരളി ഗവേഷണ പുരസ്കാര ജേതാക്കൾ:

(ഗവേഷകരായ അധ്യാപകര്‍ക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടാതെ രണ്ടുവര്‍ഷത്തേയ്ക്ക് 24 ലക്ഷം രൂപവരെ റിസര്‍ച്ച് ഗ്രാന്റും നൽകും)

ഡോ. ജി. റീനാമോള്‍ (മാര്‍ത്തോമ കോളജ്, തിരുവല്ല / കെമിക്കല്‍ സയന്‍സ്), ഡോ. രാധാകൃഷ്ണന്‍. ഇ. കെ (മഹാത്മാഗാന്ധി സര്‍വ്വകലാശാല / ബയോളജിക്കല്‍ സയന്‍സ്), ഡോ. അലക്സ് പി. ജെയിംസ് (കേരള യൂണിവേഴ്സിറ്റി ഡിജിറ്റല്‍ സയന്‍സ് / ഫിസിക്കല്‍ സയന്‍സ്), ഡോ. അന്‍വര്‍ സാദത്ത് (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള / സോഷ്യല്‍ സയന്‍സ്), ഡോ. കെ.ടി. ഷംഷാദ് ഹുസൈന്‍ (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല /ആര്‍ട്സ് ആന്‍റ് ഹ്യുമാനിറ്റീസ്)

ഉന്നത വൈജ്ഞാനിക രംഗത്തെ പ്രഗത്ഭമതികൾക്ക് രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തുന്ന ഏറ്റവും ഉന്നതമായ പുരസ്കാരങ്ങളാണിവ. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസ് മുൻ ഡയറക്ടര്‍ ഡോ. പി. ബലറാം ആണ് അവാർഡ് കമ്മിറ്റി ചെയർപേഴ്സൺ. ഡോ. പ്രഭാത് പട്നായിക്, ഡോ. ഇ.ഡി. ജെമ്മീസ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രഫ. കെ. സച്ചിദാനന്ദന്‍ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാരിനു വേണ്ടി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് കൈരളി ഗവേഷക പുരസ്കാരങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത്. 

Tags:    
News Summary - Kairali Global Lifetime Achievement Award to Prof. Salim Yusuf; Kairali Lifetime Achievement Award M Leelavathy, Ajayghosh, M.A. Oommen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.