ബാലുശ്ശേരി: കനത്ത മഴയെത്തുടർന്ന് അടച്ചിട്ട വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രം ഇന്നലെ മുതൽ തുറന്നു പ്രവർത്തനമാരംഭിച്ചു. ഇന്നലെ അമ്പതിലധികം വിനോദ സഞ്ചാരികളാണ് ഇക്കോ ടൂറിസത്തിനു കീഴിലെ ഉരക്കുഴി വെള്ളച്ചാട്ടം കാണാനെത്തിയത്.
കലക്ടർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനെത്തുടർന്നായിരുന്നു ടൂറിസം കേന്ദ്രം അടച്ചിടാൻ ഡി.എഫ്.ഒ ഉത്തരവിട്ടത്. ജനുവരി 20ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടർന്ന് നൂറുദിവസത്തിലധികം അടച്ചിട്ട ടൂറിസം സെന്റർ പ്രവർത്തനമാരംഭിച്ച് രണ്ടാഴ്ചക്കു ശേഷം വീണ്ടും അടക്കുകയായിരുന്നു.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇടക്കിടെ അടച്ചിടുന്നതു കാരണം പ്രദേശത്തെ വ്യാപാരികളും ഓട്ടോ-ടാക്സി ജീവനക്കാരും വനം വകുപ്പ് ഗൈഡുമാരും വരുമാനം നിലച്ച് ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു.
ഇക്കോ ടൂറിസം സെന്റർ പ്രവർത്തനമാരംഭിക്കാത്തതു കാരണം കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്ക് കക്കയത്തെ പ്രധാന ആകർഷണകേന്ദ്രമായ ഡാമിനടുത്ത ഉരക്കുഴി വെള്ളച്ചാട്ടം ആസ്വദിക്കുവാൻ സാധിച്ചിരുന്നില്ല. വനമേഖലയോടു ചേർന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.