കളമശ്ശേരി സ്ഫോടനം: ആദ്യം മരിച്ചത് ലെയോണ പൗലോസ്, ഡി.എൻ.എ ഫലം പുറത്തുവന്നു

കൊച്ചി: കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്ഫോടനത്തിൽ തിരിച്ചറിയാനാകാത്ത വിധം ചിതറിയ മൃതദേഹം പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ പൗലോസിന്‍റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനഫലത്തിലാണ് സ്ഥിരീകരണം. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ലയോണ പൗലോസിന്‍റെ സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് നെടുങ്ങപ്ര യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മകൻ വിദേശത്തായതിനാൽ ലയോണ വീട്ടിൽ ഒറ്റക്കായിരുന്നു താമസം. സ്ഫോടനം നടന്ന സമ്മേളനത്തിൽ ലയോണ പങ്കെടുത്തത് ആരും അറിഞ്ഞിരുന്നില്ല. രണ്ടുദിവസത്തിനുശേഷം പഞ്ചായത്ത്‌ അധികൃതർ ‌എത്തിയാണ് ലയോണയെ തിരിച്ചറിഞ്ഞത്. എന്നാൽ, ശാസ്ത്രീയ പരിശോധന നടത്തി സംശയാതീതമായി സ്ഥിരീകരിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

ഒക്ടോബർ 29ന് രാവിലെ കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററിലാണ് സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്‍റെ സമാപന ദിവസമായിരുന്നു സ്ഫോടനം. മൂന്ന് തവണയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ലയോണ അടക്കം നാലുപേർക്കാണ് ജീവന്‍ നഷ്ടമായത്.

ആലുവ മുട്ടം ഗണപതിപ്ലാക്കൽ മോളി ജോയ്, മലയാറ്റൂർ കടവൻകുഴി പ്രദീപിന്‍റെ 12 വയസ്സുകാരി മകൾ ലിബിന, തൊടുപുഴ കാളിയാർ മുപ്പത്താറുകവല സ്വദേശി കുമാരി എന്നിവരാണ് മറ്റുള്ളവർ. 20 പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയ അന്വേഷണ സംഘം ചോദ്യം ചെയ്യൽ തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതിയെ കളമശ്ശേരി പൊലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ.

Tags:    
News Summary - Kalamassery blast: Liona Paulus is the first to die, DNA results are out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.