'രണ്ടുവർഷം അന്വേഷിച്ചിട്ടും തുമ്പും തെളിവും ഇല്ലാത്ത കേസ്'; മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയർന്ന പുതിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രണ്ടുവർഷം അന്വേഷിച്ചിട്ടും തുമ്പും തെളിവും ഇല്ലാത്ത കേസാണിതെന്നും ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി പറയൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഓരോ സമയത്തും ഉന്നയിക്കുന്ന ഓരോ ആരോപണങ്ങൾക്കും മറുപടി പറയാൻ മുഖ്യമന്ത്രിയോ മറ്റുള്ളവരോ തയാറാകണമെന്ന് പറയാനാവില്ല. കേന്ദ്ര ഏജൻസികൾ രണ്ട് വർഷക്കാലം നടത്തിയ അന്വേഷണത്തിൽ ഒരു തുമ്പും ഇല്ല തെളിവും ഇല്ല. ഉണ്ടെങ്കിൽ ഇവരെയൊക്കെ അറസ്റ്റ് ചെയ്യണമല്ലോ. അങ്ങനെയൊരു കാര്യം രണ്ട് വർഷം കഴിഞ്ഞിട്ടും വീണ്ടും പറഞ്ഞു നടക്കുന്നതിൽ എന്താണ് കാര്യം' -കാനം ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വീണ്ടും ആരോപണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്നായിരുന്നു സ്വപ്നയുടെ വാദം. ഷാജ് കിരണുമായി ബന്ധമില്ലെങ്കിൽ എന്തിന് എ.ഡി.ജി.പി അജിത്കുമാറിനെ സ്ഥലം മാറ്റിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ട് ഇതുവരെ ഷാജ് കിരണിനെതിരെ നടപടിയെടുത്തില്ല. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് കള്ളമാണ്. കോൺസൽ ജനറലിന്‍റെ കൂടെ വിവിധ ചടങ്ങുകളിലും ക്ലിഫ് ഹൗസിലുമൊക്കെ വെച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്.

2016 മുതൽ 2020 വരെ ക്ലിഫ് ഹൗസിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ഒരു സുരക്ഷ പരിശോധനകളുമില്ലാതെ താൻ ക്ലിഫ്ഹൗസിലേക്ക് കയറിപ്പോകുന്നത് സി.സി ടി.വി ദൃശ്യങ്ങളിൽ കാണാനാകുമെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ബാഗ് മറന്നുവെച്ചെന്ന് പറഞ്ഞത് ശരിയല്ലെന്നായിരുന്നു ആദ്യവിശദീകരണം. എന്നാൽ, മറന്നുവെച്ചെന്നും അത് ആർക്കോ കൊടുക്കാനുള്ള മെമന്‍റോ ആയിരുന്നുവെന്നും ശിവശങ്കർതന്നെ പിന്നീട് വ്യക്തമാക്കി. സ്പ്രിൻക്ലർ ഇടപാടിന്‍റെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനാണെന്നും സ്വപ്ന ആരോപിച്ചു.

Tags:    
News Summary - Kanam rajendran supports chief minister Pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.