കനവ് ബേബി അന്തരിച്ചു

കൽപറ്റ: നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക, വിദ്യാഭ്യാസ പ്രവർത്തകനുമായ കനവ് ബേബി (കെ.ജെ. ബേബി-70) അന്തരിച്ചു. വയനാട് നടവയല്‍ കാറ്റാടിക്കവലക്ക് സമീപത്തെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്ന ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്‍റെ സ്ഥാപകനാണ്. 

കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാർത്തു. വയനാട്ടിൽ നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി, 1994 ൽ കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.

2006ൽ ബേബി കനവിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. കനവിൽ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ സ്ഥാപനത്തിൻറെ പ്രവർത്തനങ്ങൾ നടത്തുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി തന്‍റ 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്ത സംഭവമുണ്ടായി. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് 'മഞ്ഞുമലൈ മക്കൾ' എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു.

നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. 'മാവേലി മൻറം' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.

Tags:    
News Summary - Kanav baby passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.