കനവ് ബേബി അന്തരിച്ചു
text_fieldsകൽപറ്റ: കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമായ കനവ് ബേബി (കെ.ജെ. ബേബി -70) നിര്യാതനായി. മനുഷ്യാവകാശ രംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവെച്ചു. ‘നാടുഗദ്ദിക’ എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്.
വയനാട് നടവയല്‍ കാറ്റാടിക്കവലക്ക് സമീപം വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് കേണിച്ചിറ പൊലീസ് അറിയിച്ചു. ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കായുള്ള ബദൽ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്‍റെ സ്ഥാപകനാണ്. കണ്ണൂർ ജില്ലയിലെ മാവിലായിയിൽ 1954 ഫെബ്രുവരി 27നാണ് ജനനം. 1973ൽ കുടുംബം വയനാട്ടിലേക്ക് കുടിയേറി.
നടവയലിൽ ചിങ്ങോട് ആദിവാസി കുട്ടികൾക്കായി 1994ലാണ് കനവ് എന്ന ബദൽ വിദ്യാകേന്ദ്രം ആരംഭിച്ചത്. ആദിവാസികളെ സ്വയം പര്യാപ്തരാക്കാൻകൂടി ലക്ഷ്യമിട്ടുള്ള ഇത്തരമൊരു സമാന്തര വിദ്യാഭ്യാസ പ്രസ്ഥാനം കേരളത്തിൽ ആദ്യമാണ്.
2006ൽ കനവിന്റെ പ്രവർത്തനങ്ങളിൽനിന്ന് പിന്മാറിയ ബേബി അവിടെ പഠിച്ച മുതിർന്ന കുട്ടികളെ ചുമതല ഏൽപിച്ചു. ഇവിടെ പഠിച്ച 24 പേർ അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇദ്ദേഹം രചിച്ച ‘നാട് എൻ വീട് ഈ വയനാട്... കൂട് എൻ മേട് ഈ വയനാട്...’ എന്നുതുടങ്ങുന്ന പാട്ട് പ്രശസ്തമാണ്.
അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവർത്തകനായിരുന്ന ബേബി ‘നാടുഗദ്ദിക’ നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്.
കോഴിക്കോട് മുതലക്കുളത്ത് സംഘാടകരെ 1981 മേയ് 22ന് അറസ്റ്റുചെയ്തു. തുടർന്ന് ‘മഞ്ഞുമലൈ മക്കൾ’ എന്ന അവതരണസംഘം രൂപവത്കരിച്ച് മനുഷ്യാവകാശമടക്കമുള്ള വിഷയങ്ങൾ പൊതുമധ്യത്തിൽ എത്തിച്ചു. നാടുഗദ്ദിക, മാവേലി മൻറം, ബെസ്പുർക്കാന, ഗുഡ്ബൈ മലബാർ എന്നിവയാണ് പ്രധാന കൃതികൾ. ‘മാവേലി മൻറം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും മുട്ടത്തുവർക്കി അവാർഡും ലഭിച്ചു.
അപൂർണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശുമരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങൾ രചിച്ചു. ‘ഗുഡ’ എന്ന സിനിമ സംവിധാനം ചെയ്തു. പുൽപള്ളി പഴശ്ശിരാജ കോളജ് മുൻ അധ്യാപികയായ ഷേർളിയാണ് ഭാര്യ. ഇവർ രണ്ടുവർഷം മുമ്പാണ് മരിച്ചത്. മക്കൾ: ശാന്തി, ഗീതി. തിങ്കളാഴ്ച രാവിലെ 10ന് നടവയൽ ടൗണിലെ കോഓപറേറ്റിവ് കോളജിൽ പൊതുദർശനത്തിനുവെച്ച ശേഷം മൃതദേഹം തൃശിലേരി ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.