കാഞ്ഞങ്ങാട് പ്രിൻസിപ്പലിനെ അപമാനിച്ച സംഭവം: കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പടന്നക്കാട് നെഹ്റു കോളജ് പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകിയ ചടങ്ങിനിടെ 'ആദരാഞ്ജലി' അർപ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തിൽ സി.പി.എം വിദ്യാർഥി സംഘടന‍യായ എസ്.എഫ്.ഐക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപികയെ അപമാനിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയസഭയിൽ അറിയിച്ചു. 

അധ്യാപികക്കെതിരായ വിദ്യാർഥികളുടെ നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അമ്മയേക്കാൾ ഉയർന്ന സ്ഥാനത്ത് വേണം അധ്യാപകരെ കാണാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

33 വര്‍ഷത്തെ സര്‍വീസിന് ശേഷം വിരമിക്കുന്ന വനിതാ പ്രിൻസിപ്പലിന് കോളജിൽ യാത്രയയപ്പ് നൽകിയ ചടങ്ങിനിടെയാണ് കോളജ് ഒാപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പതിച്ചത്. "വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍, ദുരന്തം ഒഴിയുന്നു, കാമ്പസ് സ്വതന്ത്രമാകുന്നു, നെഹ്റുവിന് ശാപ മോക്ഷം" എന്നായിരുന്നു പോസ്റ്ററിലെ പരാമർശം. 

ചുമതലയേറ്റത് മുതല്‍ പല വിഷയങ്ങളിലും എസ്.എഫ്.ഐ കോളജ് യൂണിറ്റും പ്രിൻസിപ്പലുമായി അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഹാജർ അനുവദിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ പ്രിൻസിപ്പലുമായി എസ്.എഫ്.ഐ പ്രവർത്തകർ വാക്കുതർക്കത്തിൽ ഏർപ്പെടുകയും പലപ്പോഴും ഉപരോധത്തിൽ എത്തുക‍യും ചെയ്തിരുന്നു.  2016ൽ പ്രിൻസിപ്പലായി ചുമതലയേറ്റ ഡോ. പുഷ്പജ, മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ പരീക്ഷക്ക് മുമ്പു യാത്രയയപ്പ് നൽകുകയായിരുന്നു.  പ്രിൻസിപ്പലിനെ അവഹേളിച്ച സംഭവം കോളജ് വിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്നും സംഭവത്തിന്‍റെ നിജസ്ഥിതി അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

'ആദരാഞ്ജലി' അർപ്പിച്ച് പോസ്റ്റർ പതിച്ച് അവഹേളിച്ചതിന് പിന്നില്‍ എസ്.എഫ്.ഐ ആണെന്ന് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജ ആരോപിച്ചിരുന്നു. ഹാജർ നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നമാണ് പോസ്റ്ററിലേക്ക് നയിച്ചത്. 

Tags:    
News Summary - Kanjangad Principal Kerala CM at Assembly-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.