നവീൻ ഇനി കണ്ണീരോർമ; വിട നൽകി നാട്; ചിതക്ക് തീകൊളുത്തി പെൺമക്കൾ

പത്തനംതിട്ട: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന് ജന്മനാട് കണ്ണീരോടെ വിടനൽകി. മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നവീന്റെ മൃതദേഹം സംസ്‌കരിച്ചു.

ഒഴുകിയെത്തിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി മക്കളായ നിരഞ്ജനയും നിരുപമയും ചിതക്ക് തീ കൊളുത്തി. നേരത്തെ, പത്തനംതിട്ട കലക്ടറേറ്റിലെ പൊതുദർശനം അതിവൈകാരിക രംഗങ്ങൾക്കാണ് സാക്ഷിയായത്. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും സഹപ്രവർത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലിയർപ്പിച്ചു.

മന്ത്രിമാരായ കെ. രാജൻ, വീണാ ജോര്‍ജ് എന്നിവർ കലക്ടറേറ്റിലെ പൊതുദർശനത്തിന് നേതൃത്വം നൽകി. പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പെടെയുള്ളവര്‍ സഹപ്രവര്‍ത്തകനായിരുന്ന നവീന് കണ്ണീരോടെയാണ് വിട നല്‍കിയത്. കലക്ടറേറ്റിലെ പൊതുദര്‍ശനത്തിനുശേഷം 11.30നാണ് മൃതദേഹം മലയാലപ്പുഴയിലെ വീട്ടില്‍കൊണ്ടുവന്നത്. നിരഞ്ജനയും നിരുപമയും അവസാനമായി അച്ഛന് അന്ത്യചുംബനം നല്‍കിയപ്പോള്‍ കണ്ടുനിന്നവരുടേയും കണ്ണ് നിറഞ്ഞു. ബന്ധുവിനെ കെട്ടിപ്പിടിച്ച് കരച്ചിലടക്കിയ ഭാര്യ മഞ്ജുവും കണ്ടുനിന്നവർക്ക് നോവായി.

സഹോദരന്‍ അരുണ്‍ ബാബു ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങൾ അന്തിമോപചാരം അര്‍പ്പിച്ച ശേഷമാണ് മൂന്നു മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലേക്കെടുത്തത്. നവീന്റെ മൃതദേഹം ചിതയിലേക്കെത്തിക്കാൻ റവന്യൂമന്ത്രിയും ഒപ്പംചേർന്നു.

അതേസമയം, നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി.

അസ്വാഭാവിക മരണത്തിനുള്ള കേസിലാണ് ദിവ്യയെ പ്രതിചേർത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റത്തിന് പത്തു വർഷം വരെ തടവു ശിക്ഷ ലഭിക്കാം. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിൽനിന്ന് ഉൾപ്പെടെ മൊഴിയെടുത്തിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ദിവ്യയെ പ്രതി ചേർത്തത്.

Tags:    
News Summary - Kannur ADM Naveen Babus funral ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.