അഭിമുഖം 14ന്, കത്ത് ലഭിച്ചത് 16ന്; പോസ്റ്റല്‍ വകുപ്പിന്‍റെ വീഴ്ചയിൽ ജോലി നഷ്ടപ്പെട്ടയാള്‍ക്ക് ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധി

മലപ്പുറം: ജില്ല കലക്ടറുടെ ഇന്‍റര്‍വ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാർഥിക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പോസ്റ്റല്‍ വകുപ്പിനോട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മലപ്പുറം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുല്‍പ്പറ്റ ചെറുതൊടിയില്‍ അജിത് നല്‍കിയ പരാതിയിലാണ് കമീഷന്റെ ഉത്തരവ്.

റവന്യൂ വകുപ്പില്‍ സർവേയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് പരാതിക്കാരന് ലഭിക്കാതെ പോയത്. 2024 ഫെബ്രുവരി 14ന് നടന്ന അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16ന് മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫിസ് മുഖേന കത്ത് അയച്ചിരുന്നു. ഇത് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റ് ഓഫിസില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഫെബ്രുവരി 16ന് മാത്രമാണ് ഉദ്യോഗാര്‍ഥിക്ക് കത്ത് ലഭിച്ചത്. ഇതോടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

സംഭവസമയത്ത് പോസ്റ്റ്മാന്‍ ചുമതല നിര്‍വഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റല്‍ വകുപ്പിന്റെ വാദങ്ങള്‍ തള്ളിയാണ് കമീഷന്‍ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേര്‍ത്തുപിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ച കാരണം നിർവഹിക്കാതെ പോയതെന്ന് കമീഷന്‍ ഉത്തരവില്‍ പറഞ്ഞു.

ലക്ഷം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റല്‍ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേര്‍ന്ന് നല്‍കണം. അല്ലാത്ത പക്ഷം വിധി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്‍റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ കമീഷന്‍റെ ഉത്തരവില്‍ പറഞ്ഞു. 

Tags:    
News Summary - One lakh rupees compensation to the person who lost his job due to the failure of the postal department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.