കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ സംബന്ധിച്ച ചോദ്യങ്ങൾക്ക് ‘നോ കമന്റ്സ്, നോ കമന്റ്സ്’ മറുപടിയുമായി കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ. എ.ഡി.എമ്മിന്റെ ട്രാൻസ്ഫർ കലക്ടർ മനപൂർവം വൈകിപ്പിച്ചു, എ.ഡി.എമ്മിനെ കുറിച്ച് പി.പി. ദിവ്യ നേരത്തെ കലക്ടറോട് പറഞ്ഞിരുന്നു, മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവധി സംബന്ധിച്ച് സംസാരിച്ചു, നവീൻ ബാബുവിനെ സംബന്ധിച്ച് മുമ്പ് പരാതി ലഭിച്ചു തുടങ്ങി വിവിധ കോണുകളിൽനിന്ന് ഉയരുന്നന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നാണ് കലക്ടർ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയത്.
കലക്ടർ അധ്യക്ഷനായ യാത്രയയപ്പ് ചടങ്ങിൽ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ അധിക്ഷേപപ്രസംഗത്തിൽ മനംനൊന്താണ് എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്തത്. ഈ ചടങ്ങിൽ ദിവ്യയെ കലക്ടർ ക്ഷണിച്ചുവെന്നും നവീനിനെ അപമാനിക്കാൻ ഗൂഢാലോചന നടന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് റവന്യൂ വകുപ്പും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഇന്ന് കലക്ടറുടെ മൊഴിയെടുക്കാൻ കണ്ണൂർ സി.ഐ ശ്രീജിത്ത് കൊടേരി കലക്ടറുടെ വസതിയിലെത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരോട് താൻ സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞതെന്നും സത്യം പുറത്തുവരട്ടേയെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം മൊഴിയെടുക്കുന്ന സംഘത്തിന് മുന്നിൽ പറയുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച സ്വകാര്യ കാര്യമാണ്. മുഖ്യമന്ത്രി വരുമ്പോൾ സാധാരണ ഗതിയിൽ ജില്ലയുടെ കാര്യങ്ങൾ ധരിപ്പിക്കാറുണ്ട്. അതിന്റെ ഭാഗമായി പോയതാണ്. അതിനൊപ്പം ഈ കാര്യങ്ങളും ചർച്ചയായി. ഞാൻ പറയാനുള്ളതെല്ലാം സത്യമായി പറഞ്ഞിട്ടുണ്ട്. ഇന്നലെ നടന്ന പരിപാടി ഷെഡ്യൂളിന്റെ ഭാഗമല്ലാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും കലക്ടർ പറഞ്ഞു.
നവീന്‍ബാബുവിന്‍റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഔദ്യോഗിക പരിപാടികളിൽനിന്ന് ഒഴിഞ്ഞ് മാറിയാണ് അരുണ്‍ കെ. വിജയന്‍ കഴിയുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പങ്കെടുക്കേണ്ട പരിപാടിയിലും കലക്ടര്‍ എത്തിയിരുന്നില്ല. പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ഹയർ സെക്കൻഡറി ബ്ലോക്കിന്റെയും വിവിധ കെട്ടിടങ്ങളുടെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രിയാണ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെയും കലക്ടർ അരുൺ കെ. വിജയനെയും വിശിഷ്ടാതിഥികളായി ഉൾപ്പെടുത്തിയിരുന്നു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഔദ്യോഗിക പരിപാടി ഒഴിവാക്കി കലക്ടർ മാറിനിൽക്കുകയായിരുന്നു.
അതേസമയം, കലക്ടർ ശനിയാഴ്ച രാത്രി പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ എ.ഡി.എമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയോട് വിശദീകരിച്ചു. എ.ഡി.എം കെ. നവീന്‍ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് തന്റെ ക്ഷണമില്ലാതെയാണ് കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ എത്തിയതെന്നും എ.ഡി.എമ്മിനെതിരെ സംസാരിക്കുമ്പോൾ തടയാഞ്ഞത് പ്രോട്ടോക്കോൾ പ്രകാരമാണെന്നും അടക്കമുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.