തിരുവനന്തപുരം: കണ്ണൂർ മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷം പ്രവേശനത്തിനുനൽകിയ പണം തിരികെ ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ പരാതിയിൽ തെളിവെടുപ്പിന് ഹാജരാകാൻ കോളജ് അധികൃതർക്ക് നോട്ടീസ്. വ്യാഴാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. കോളജിെൻറ വിശദീകരണം കേട്ട ശേഷം തുടർനടപടിയെടുക്കും.
കഴിഞ്ഞവർഷം പ്രവേശനം ലഭിക്കാതെപോയ 10 വിദ്യാർഥികളാണ് പണം തിരികെ ആവശ്യപ്പെട്ട് കമ്മിറ്റിയെ സമീപിച്ചത്. 35 മുതൽ 45 ലക്ഷം രൂപ വരെയാണ് ഇവരിൽനിന്ന് കോളജ് അധികൃതർ പ്രവേശനത്തിനായി വാങ്ങിയതെന്നാണ് പരാതി. കോളജിലെ 150 സീറ്റുകളിലേക്ക് നടത്തിയ പ്രവേശനം കഴിഞ്ഞവർഷം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദുചെയ്തിരുന്നു. നടപടിയെ ചോദ്യംചെയ്ത് കോളജ് അധികൃതർ ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും സമീപിച്ചു. കോടതികൾ ജയിംസ് കമ്മിറ്റി നടപടി ശരിവെക്കുകയായിരുന്നു. വിദ്യാർഥി പ്രവേശനത്തിൽ മെറിറ്റ് അട്ടിമറിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. ഒാൺലൈനായി അപേക്ഷ സ്വീകരിക്കേണ്ടതിന് പകരം ഒരുപറ്റം വിദ്യാർഥികളിൽനിന്ന് നേരിട്ട് അപേക്ഷ സ്വീകരിച്ചതായും കണ്ടെത്തിയിരുന്നു.
നിയമവിരുദ്ധമായി കോളജ് അധികൃതർ നടത്തിയ പ്രവേശനം സ്ഥിരപ്പെടുത്തി നൽകാൻ സർക്കാർ ഒാർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത് വിവാദമാവുകയും ചെയ്തിട്ടുണ്ട്. ഒാർഡിനൻസ് ഗവർണറുടെ പരിഗണനക്കായി അയച്ചതായാണ് സൂചന. പൊതു അവധി ദിനങ്ങൾ കഴിഞ്ഞായിരിക്കും ഗവർണർ ഇത് പരിഗണിക്കുക. വിദ്യാർഥികളിൽനിന്ന് വാങ്ങിയ തുക തലവരിയല്ലെന്നും ഫീസാണെന്നുമാണ് കോളജ് അധികൃതരുടെ വാദം. അഞ്ചു വർഷത്തേക്കുള്ള ഫീസ് ഒറ്റത്തവണയായി വാങ്ങിയതാണെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അഞ്ചു വർഷത്തെ ഫീസ് ഒന്നിച്ച് വാങ്ങാൻ വ്യവസ്ഥയില്ലെന്നിരിക്കെയാണിത്. പല വിദ്യാർഥികളിൽനിന്ന് ഇതിലും കൂടുതൽ തുക വാങ്ങിയെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.