'ഉത്സവകാലങ്ങളിൽ മുസ്ലിംകൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ലെന്ന' ബോർഡ് സംബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായി. കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട് കാവിലാണ് വിവാദ വിവാദ ബോര്‍ഡ് സ്ഥാപിച്ചത്. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിനുപേർ ബോർഡിനെതിരേ വിമർശനവുമായി രംഗത്തുവന്നിരുന്നു. കാവിലെ വിഷുവിളക്ക് ഉത്സവത്തില്‍ മുസ്‍ലിം സമുദായ അംഗങ്ങള്‍ക്ക് പ്രവേശനം വിലക്കിയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.
സി.പി.എം ശക്തി കേന്ദ്രമായ പ്രദേശത്ത് ഇത്തരത്തില്‍ പരസ്യമായി ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതുസംബന്ധിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മുഹമ്മദ് ഷമീം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലായി. മല്ലിയോട്ട് പാലോട്ട് കാവിന്‍റെ ചരിത്രം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പാണ് നൂറുകണക്കിനുപേർ പങ്കുവച്ചത്. മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന് 'ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിൽ മുസ്ലിംകൾക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് ബോഡിലേക്കുള്ള ചരിത്രത്തിന്റെ വഴികൾ ഒട്ടും പ്രകാശമാനമോ പുരോഗമനപരമോ അല്ലെന്ന് കുറിപ്പുകാരൻ പറയുന്നു.
'ചുവപ്പ് വല്ലാതെ നരച്ചിരിക്കുന്നു, അതിലെ കാവിത്വം കണ്ണില്ലാത്തവർക്ക് പോലും പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു എന്ന് ഇവിടെ എടുത്തു പറയേണ്ടി വരുന്നത് തീർച്ചയായും അത്യധികം ഖേദത്തോടുകൂടി തന്നെയാണ്. എങ്ങോട്ടേക്കാണ് നമ്മുടെ പോക്ക്' എന്ന് ചോദിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം താഴെ
'മല്ലിയോട്ട് പാലോട്ട് കാവിൽ ഉൽസവകാലത്ത് കച്ചവടം ചെയ്യാനും മുസ്ലിംകൾക്ക് അവകാശമുണ്ടായിരുന്നു. മേടം അഞ്ചാം തീയതി മല്ലിയോട്ടെ അറപ്പറമ്പിന് താഴെ വയലിൽ മത്സ്യക്കച്ചവടം നടക്കും. കുഞ്ഞിമംഗലത്ത് പെണ്ണ് കെട്ടിയ പുതിയാപ്പിളമാർ പെരുന്നാളിന് മാത്രമല്ല, വിഷുവിനും കോടിത്തുണി വാങ്ങണം. മല്ലിയോട്ടെ ചന്തപ്പറമ്പിൽ നിന്ന് തിരുത മീനും വാങ്ങണം' കുഞ്ഞിമംഗലംകാരനായ ചരിത്രഗവേഷകൻ ഡോ. വൈ.വി കണ്ണന്റെ 'കനലാടി മനസ്സ് -തെയ്യ പ്രബന്ധങ്ങൾ' എന്ന, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിലെതാണ് മേൽ ഉദ്ധരണി.
ഇവിടെ നിന്ന് മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന് 'ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിൽ മുസ്ലിംകൾക്ക് പ്രവേശനമില്ല' എന്ന അറിയിപ്പ് ബോഡിലേക്കുള്ള ചരിത്രത്തിന്റെ വഴികൾ ഒട്ടും പ്രകാശമാനമോ പുരോഗമനപരമോ അല്ല.
കുഞ്ഞിമംഗലം ജുമുഅത്ത് പള്ളിക്ക് ചെമ്മട്ടിലാ പള്ളി എന്നും പേരുണ്ട്. ചെമ്മട്ടിലാ തെരുവിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ഈ പള്ളിയുടെ പ്രസിഡന്റും ഒപ്പം കുഞ്ഞിമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാരണവരുമായിരുന്ന ചാണത്തലയൻ എന്ന മുസ്ലിം തറവാട്ടിലെ സി മുഹമ്മദ് കുഞ്ഞിയെയും പരാമർശിക്കുന്നുണ്ട് കണ്ണൻ മാസ്റ്ററുടെ പുസ്തകത്തിൽ.
ചാണത്തലയൻ മുസ്ലിം കുടുംബമാണ് മുച്ചിലോട്ട് ക്ഷേത്രപരിസരസ്ഥലം ക്ഷേത്രത്തിന് നൽകിയത്. അതേസമയം പണ്ട് ചെമ്മട്ടിലാ കാട് ആയിരുന്ന ജുമുഅത്ത് പള്ളി നിലകൊള്ളുന്ന സ്ഥലം സംഭാവന ചെയ്തത് കുളങ്ങരത്ത് നായർ തറവാട്ടുകാരാണ്.
കേരളത്തിലെ ഹിന്ദു-മുസ്ലിം ആദാനപ്രദാനങ്ങളുടെ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള പ്രദേശമാണ് കുഞ്ഞിമംഗലം. ഇത് ഒരു വശം.
മറുവശത്ത് കേരളത്തിലെ കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും സവിശേഷമായ ഇടം കുഞ്ഞിമംഗലത്തിന് ഉണ്ട്. പാർട്ടി ഗ്രാമം എന്ന് ഔദ്യോഗികമോ അനൌദ്യോഗികമോ ആയ വിശേഷണമൊന്നും ഇല്ലെങ്കിലും കുഞ്ഞിമംഗലം നാട് കമ്യൂനിസ്റ്റാണ്. അവിടുത്തെ പഞ്ചായത്ത് ഭരണസമിതിയിൽ ഒന്നോ രണ്ടോ മുസ്ലിം ലീഗുകാരൊഴിച്ചാൽ ബാക്കി മുഴുവനും സി.പി.എമ്മുകാരോ അവരുടെ സഖ്യകക്ഷികളോ ആണ്. കോൺഗ്രസ് പാർട്ടിക്കൊന്നും ഒരു വാഡ് പോലും ഇന്നേവരെ അവിടെ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.
മല്ലിയോട്ട് പാലോട്ട് കാവ് ക്ഷേത്രസമിതിയിലും ഉൽസവക്കമ്മിറ്റിയിലുമൊക്കെ സ്വാഭാവികമായും മാർക്സിസ്റ്റ് പാർട്ടിക്കാരോ അനുഭാവികളോ തന്നെയാണ് ഉണ്ടാവുക എന്നും ഇതെഴുതുന്നയാൾ കരുതുന്നു.
ഈ ബോഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ആദ്യം കണ്ടപ്പോൾ ഉണ്ടായ അസ്വാസ്ഥ്യം, അത് കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ വിഷുവിളക്കിന്റെ സന്ദർഭത്തിലാണെന്ന് കണ്ടപ്പോൾ ഭയം കലർന്ന അദ്ഭുതമായി മാറി. അവിശ്വസനീയമായിത്തോന്നിയതിനാൽ ജമാൽ കടന്നപ്പള്ളിയെ വിളിച്ച് ഉറപ്പ് വരുത്തി.
ഹറമിലെ അമുസ്ലിം പ്രവേശന നിരോധവുമായി താരതമ്യം ചെയ്യാനിറങ്ങിപ്പുറപ്പെട്ടിട്ടുണ്ട് ചിലർ. ആ നിരോധവുമായി ബന്ധപ്പെട്ട എന്റെ നിലപാട് ഇവിടെ പലവട്ടം പറഞ്ഞതാണ്. അതിന് പക്ഷേ ഇവിടെ പ്രസക്തിയൊന്നുമില്ല. ഒരു പ്രത്യേക സമുദായത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ബോഡല്ല അവിടെയുള്ളത്.
അഹിന്ദുക്കൾ പ്രവേശിക്കരുത് എന്നോ വിശ്വാസികളല്ലാത്തവർ പ്രവേശിക്കരുത് എന്നോ എഴുതിയാൽ അതൊരു പ്രശ്നമാകുമായിരുന്നില്ല. എന്നല്ല, ഒരു മതാചാരസ്ഥലത്ത് അപ്രകാരം എഴുതിവെക്കാനുള്ള അവകാശത്തെയും തത്കാലം ആരും ചോദ്യം ചെയ്യാനൊന്നും പോകുന്നില്ല.
നുഴഞ്ഞു കയറിയ സംഘികളുടെ വേലയാണിത് എന്ന് വിശദീകരിക്കുന്ന ചില സഖാക്കളുമുണ്ട്. പക്ഷേ, കുഞ്ഞിമംഗലത്ത് സംഘികൾ ഉണ്ടാവുക എന്നത് തന്നെ ചരിത്രത്തിന്റെ വലിയൊരു തകർച്ചയാണ്. ദേശത്തെയാണോ പാർട്ടിയെയാണോ സംഘിത്വം എന്ന സാംക്രമികവ്യാധി ബാധിച്ചിട്ടുള്ളത് എന്നേ ചിന്തിക്കേണ്ടതുള്ളൂ.
ചുവപ്പ് വല്ലാതെ നരച്ചിരിക്കുന്നു, അതിലെ കാവിത്വം കണ്ണില്ലാത്തവർക്ക് പോലും പ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു എന്ന് ഇവിടെ എടുത്തു പറയേണ്ടി വരുന്നത് തീർച്ചയായും അത്യധികം ഖേദത്തോടു കൂടിത്തന്നെയാണ്. എങ്ങോട്ടേക്കാണ് നമ്മുടെ പോക്ക്!!?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.