പാലക്കാട്: ഏഴ് പതിറ്റാണ്ടിനുശേഷം ആ വിദ്യാർഥി വീണ്ടും ആ ഒന്നാം ക്ലാസ് മുറിയിലെത്തി. മറവിയിലാണ്ട സ്കൂൾ കാലം ഓർത്തെടുക്കാൻ ശ്രമിച്ച് അൽപനേരം ആ ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്നു. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആയിരുന്നു ആ വിദ്യാർഥി. അപ്രതീക്ഷിതമായായിരുന്നു പാലക്കാട്ടെത്തിയ പ്രകാശ് കാരാട്ട് താൻ ഒന്നാം ക്ലാസ് പഠിച്ച വടക്കന്തറയിലെ ഡോ. നായർ ഗവ. യു.പി സ്കൂളിൽ പോകാൻ തീരുമാനമെടുത്തത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ കാരാട്ട് കുട്ടികളുമായും അധ്യാപകരുമായും കുശലം പറഞ്ഞു. ശേഷം ആ പഴയ ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് വടക്കന്തറയിലെ ഓർമകൾ പങ്കുെവച്ചു.
ഒരു വയസ്സിലാണ് അച്ഛനും അമ്മ രാധ നായർക്കും ഒപ്പം കാരാട്ട് പാലക്കാട് എത്തിയത്. 1953ലാണ് ഇവിടെ ഒന്നാം ക്ലാസിൽ കാരാട്ട് പഠിച്ചത്. വടക്കന്തറ തറവനാട്ട് ലെയ്നിൽ 1948 മുതൽ 1953 വരെ താമസക്കാരായിരുന്നു കാരാട്ടും കുടുംബവും. തറവനാട്ട് ലെയ്നിലെ ആ പഴയ വീട് ഇപ്പോഴില്ല, എങ്കിലും സ്കൂളിലെത്തിയപ്പോൾ അന്നത്തെ വഴികളും അധ്യാപകരെയും കാരാട്ട് ഓർത്തെടുത്തു. ഒന്നാം ക്ലാസിൽ ചേർത്ത് എട്ട് മാസത്തിന് ശേഷം അച്ഛൻ എലപ്പുള്ളി കാരാട്ട് ചുണ്ടുള്ളി പത്മനാഭൻ നായർക്ക് ബർമയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഇതോടെ ഒന്നാം ക്ലാസിൽ പഠനം പൂർത്തിയാക്കാതെ ബർമയിലേക്ക് പോയി. പിന്നീടുള്ള പഠനം അവിടെയായിരുന്നു. അച്ഛൻ ബ്രിട്ടീഷ് റെയിൽവേയിലെ ജീവനക്കാരനായിരുന്നു.
സ്കൂളിലെത്തിയ പൂർവവിദ്യാർഥിക്ക് അധ്യാപകർ ഹൃദ്യമായ വരവേൽപാണ് നൽകിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് എസ്. രമ്യ, മുൻ പ്രധാനാധ്യാപിക വി.പി. ശ്രീലത, കൗൺസിലർ കെ. ജയലക്ഷ്മി, പി.ടി.എ പ്രസിഡന്റ് രേവതി രാജേഷ്, സി.പി.എം ലോക്കൽ സെക്രട്ടറി എം. വിപിൻദാസ് എന്നിവർ കാരാട്ടിനെ സ്വീകരിക്കാൻ സ്കൂളിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.