കരിപ്പൂർ: അറ്റകുറ്റപ്പണിക്കായി കോഴിക്കോട് വിമാനത്താവളത്തിൽ നാലു വർഷത്തിനിടെ മൂന്നാം തവണയും റൺവേ അടക്ക ുന്നു. ഇത്തവണ ടാക്സിവേ നവീകരണത്തിനാണ് തിങ്കളാഴ്ച മുതൽ അഞ്ചു മാസത്തേക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആ റുവരെ അടക്കുന്നത്. വലിയ വിമാനങ്ങളുടെ സർവിസ് കൂടുതൽ സുഖപ്രദമാക്കുന്നതിനാണ് അടക്കുന്നെതന്നാണ് വിശദീകരണം . ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശപ്രകാരമാണ് നടപടി. ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പ്രവൃത്തി തുടങ്ങാൻ ഇനിയും ദിവസങ്ങളെടുക്കും. ശീതകാല ഷെഡ്യൂൾ ആരംഭിക്കുന്നതിനാലാണ് തിങ്കളാഴ്ച മുതൽ അടക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ഈ സമയത്തുണ്ടായിരുന്ന എയർ ഇന്ത്യയുടെ ഡൽഹി, സൗദി എയർലൈൻസിെൻറ ജിദ്ദ, റിയാദ് സർവിസുകളുടെ സമയം പുനഃക്രമീകരിച്ചു.
റൺവേയിൽനിന്ന് വിമാനം പാർക്കിങ് ബേയിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് ടാക്സിവേ. കരിപ്പൂരിൽ ടാക്സിവേ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങൾക്ക് (ചെറിയ വിമാനങ്ങൾ) അനുസൃതമായ രീതിയിലാണുള്ളത്. റൺവേയിൽനിന്ന് ടാക്സിവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വീതി കുറവാണ്. ഈ പ്രശ്നം പരിഹരിച്ച് വലിയ വിമാനങ്ങൾക്കും സാധാരണ രീതിയിൽ പ്രവേശിക്കുന്നതിനാണ് വിപുലീകരണം. സർവിസുകളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രവൃത്തി. കരിപ്പൂരിലിപ്പോൾ മൂന്നു ടാക്സിവേകളാണ് ഉള്ളത്. ഒരു സമയം ഒരു ടാക്സിവേയിൽ മാത്രമായിരിക്കും പ്രവൃത്തി നടക്കുക. ബാക്കിയുള്ളവ സർവിസിനായി ഉപയോഗിക്കും. ഒന്ന് പൂർത്തിയായ ശേഷമായിരിക്കും അടുത്തത് ആരംഭിക്കുക. ഒരു ടാക്സിവേയുടെ വീതി വർധിപ്പിക്കുന്നതിന് ഒന്നര മാസമെടുക്കുമെന്നാണ് വിലയിരുത്തൽ. 71 ലക്ഷം രൂപയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്. ഇതിനോടൊപ്പം അനുബന്ധ പ്രവൃത്തികളായ ഗ്രേഡിങ്, ഇലക്ട്രിക്കൽ എന്നിവയും നടക്കും. പുതിയ ശീതകാല ഷെഡ്യൂൾ നിലവിൽ വന്നെങ്കിലും റിയാദിലേക്കുള്ള ഫ്ലൈനാസ് സർവിസ് മാത്രമാണ് പുതുതായുള്ളത്.
2015 സെപ്റ്റംബറിലാണ് റൺവേ നവീകരണത്തിനായി പകൽ 12 മുതൽ എട്ടുവരെ അടച്ചിടാൻ തുടങ്ങിയത്. പ്രവൃത്തി പൂർത്തിയായശേഷം 2017 മാർച്ച് ഒന്നിനാണ് റൺവേ മുഴുസമയവും പ്രവർത്തനം ആരംഭിച്ചത്. ഇതിനുശേഷം ഈ വർഷം ജനുവരിയിലാണ് റൺവേ എൻഡ് സേഫ്റ്റി ഏരിയ (റിസ) 90 മീറ്ററിൽനിന്ന് 240 ആയി വർധിപ്പിക്കുന്നതിന് വീണ്ടും അടച്ചിട്ടത്. ജനുവരി 15 മുതൽ ജൂൺ 15 വരെയായിരുന്നു നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.