പഠനത്തോടൊപ്പം ജോലിയുമായി കര്‍മചാരി പദ്ധതി; ആദ്യം കൊച്ചിയില്‍


കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്‌ടൈം ജോലി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മചാരി പദ്ധതി ആദ്യം നടപ്പാക്കുന്നത് കൊച്ചിയില്‍. പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഹയര്‍സെക്കന്‍ഡറി, കോളജ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം ചേര്‍ന്നു.

പഠനത്തെ ബാധിക്കാത്ത രീതിയില്‍ പരമാവധി എത്രസമയം ജോലി ചെയ്യണം, രാത്രിയില്‍ വിദ്യാര്‍ഥികളെ ജോലി ചെയ്യിക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപന അധികൃതരുടെ നിലപാട്, രക്ഷകര്‍ത്താക്കളുടെ അനുമതി, ഓരോ വിദ്യാഭ്യാസ സ്ഥാപനവും എത്ര വിദ്യാർഥികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും, ഹോളിഡേ ഡ്യൂട്ടി അനുവദിക്കല്‍, പദ്ധതി മേല്‍നോട്ടത്തിനായി സ്ഥാപനങ്ങളില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കല്‍, വിദ്യാർഥികളുടെ വേതനം, ഓരോ സ്ഥാപനത്തിനും എത്ര പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയും, ജോലിയുടെ സ്വഭാവം, പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് ഇ.എസ്.ഐ അനുവദിക്കല്‍, ഓറിയന്‍റേഷന്‍ ക്ലാസ് സംഘടിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയായത്.

കര്‍മചാരി പദ്ധതി സംസ്ഥാനത്ത് ആദ്യം ആരംഭിക്കാന്‍ കഴിയുന്നത് സ്വകാര്യ മേഖലയുമായി സഹകരിച്ചാകുമെന്നും കൊച്ചിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ ഹോട്ടല്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ഫുഡ് ഔട്ട്ലെറ്റുകൾ, ടെക്സ്റ്റയില്‍സ്, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി പാര്‍ട്ട്‌ടൈം ജോലി നല്‍കുന്നതിന് ലക്ഷ്യമിടുന്നത്. ഐ.ടി അധിഷ്ഠിത ജോലികളും പരിഗണിക്കും.

എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍, ലേബര്‍ വകുപ്പ് അഡീഷനല്‍ സെക്രട്ടറി ഡി. ലാല്‍, അഡീഷനല്‍ ലേബര്‍ കമീഷണര്‍മാരായ കെ.ശ്രീലാല്‍, രഞ്ജിത് മനോഹര്‍, കെ.എം. സുനില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

Tags:    
News Summary - Karmachari scheme with study and work; First in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.