തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട 15 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 36 വസ്തുവകകളാണ് കണ്ടുകെട്ടിയത്. എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ രണ്ട് സ്ഥിരനിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.എ.സി മൊയ്തീന്റെ നിർദേശപ്രകാരമാണ് ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നത്. 150 കോടിയുടെ ഇടപാടാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്നതെന്നും ഇ.ഡി വ്യക്തമാക്കി. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തിയാണ് ബാങ്കിൽ ബിനാമി ഇടപാടുകൾ നടന്നതെന്നും ഇ.ഡി അറിയിച്ചു.
കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന എ.സി മൊയ്തീന്‍റെ വീട്ടിൽ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയിരുന്നു. ഒന്നാംപ്രതി സുനിൽകുമാർ, രണ്ടാംപ്രതി ബിജു കരിം, അക്കൗണ്ടന്റ് ജിൽസ്, കമീഷൻ ഏജന്റ് ബിജോയ് എന്നിവരുടെയും ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരന്റെയും വീടുകളിലും പരിശോധന നടത്തിയിരുന്നു. ദിവാകരന്റെ വീട്ടിൽ നിന്ന് വസ്തുക്കളുടെ ആധാരവും ബാങ്കിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ അടക്കമുള്ള രേഖകളും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലെ മുൻ ജീവനക്കാരനും തൃശൂർ പൊറത്തശ്ശേരി സ്വദേശിയുമായ എം.വി. സുരേഷ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ ആഗസ്റ്റ് 16ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പ്രകാരം 192 വ്യാജ വായ്പകളാണ് കണ്ടെത്തിയത്. വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് 17 കേസുകൾ രജിസ്റ്റർ ചെയ്തെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ബാങ്ക് മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ മാനേജർ എം.കെ. ബിജു, മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ്, മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, പി.പി. കിരൺ, റബ്കോ കമീഷൻ ഏജന്റായിരുന്ന എ.കെ. ബിജോയി, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന കെ. റെജി, ടി.എസ്. ബൈജു, എം.ബി. ദിനേശ്, വി.കെ. ലളിതകുമാർ, കെ.വി. സുഗതൻ, എൻ. നാരായണൻ, എ.എം. മുഹമ്മദ് അസ്ലം, സി.എ ജോസ്, എം.എ. ജിജോരാജ്, അമ്പിളി മഹേഷ്, സുമതി ഗോപാലകൃഷ്ണൻ, മിനി നന്ദൻ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 18 വരെയുള്ള പ്രതികൾ.
മൂന്നാറിലും തേക്കടിയിലും പ്രതികൾക്ക് റിസോർട്ടുകളടക്കം 11 ബിസിനസ് സംരംഭങ്ങളുണ്ട്. ഈട് നൽകിയ ഭൂമിയുടെ വില കൂട്ടിക്കാണിച്ചാണ് തട്ടിപ്പു നടത്തിയത്. വ്യാജവായ്പകളെടുത്ത് പ്രതികൾ നിക്ഷേപകരെയും ബാങ്കിനെയും ചതിക്കുകയായിരുന്നു. പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.