കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നിയമപരമായ നോട്ടീസ് മാത്രം നൽകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ഹൈകോടതിയുടെ വാക്കാൽ നിർദേശം. കുടുംബാംഗങ്ങളുടെയടക്കം വ്യക്തിവിവരങ്ങൾ തേടി സമൻസ് നൽകിയതിനെതിരെ സഹകരണ രജിസ്ട്രാർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇടക്കാല ഉത്തരവ്. സമൻസിലെ തുടർനടപടികൾ കോടതി സ്റ്റേ ചെയ്തു.
സമൻസ് നൽകിയത് പി.എം.എൽ.എ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമല്ലെന്ന് പ്രാഥമികമായി വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. പ്രിന്റ് ചെയ്തുവെച്ചിരിക്കുന്ന സമൻസാണ് അയച്ചതെന്നും ഇതിൽ തുടർനടപടി സ്വീകരിക്കില്ലെന്നും പുതിയത് നൽകുമെന്നും ഇ.ഡിക്കുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയാണ് ഇടക്കാല ഉത്തരവിട്ടത്. പുതിയ സമൻസ് നൽകുന്നതിന് ഉത്തരവ് തടസ്സമല്ലെന്ന് വ്യക്തമാക്കിയ കോടതി, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിക്ക് നിർദേശം നൽകി. കരുവന്നൂർ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് 19 കേസുകൾ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇ.ഡി എടുത്ത കേസുകളിലാണ് സഹകരണ രജിസ്ട്രാർക്ക് സമൻസ് നൽകിയത്. ഒക്ടോബർ 11ന് ഹാജരാകണമെന്ന നോട്ടീസ് തലേന്നാണ് ലഭിച്ചതെന്ന് ഹരജിയിൽ പറയുന്നു. അസൗകര്യം മൂലം 13നാണ് ഹാജരായത്.
2010 മുതൽ രജിസ്ട്രാർ പുറപ്പെടുവിച്ച സർക്കുലറുകൾ, സഹകരണ സംഘങ്ങളുടെ പട്ടിക, കരുവന്നൂർ, അയ്യന്തോൾ, പെരിങ്ങണ്ടൂർ, തൃശൂർ സഹകരണ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് തുടങ്ങി ഒട്ടേറെ വിവരങ്ങൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. രജിസ്ട്രാറുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട്, ആധാർ കാർഡ്, പാൻ കാർഡ് പകർപ്പുകളും ഫോട്ടോഗ്രാഫുമടക്കം ഹാജരാക്കാനായിരുന്നു സമൻസ്. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സമൻസ് അയച്ചത്.
ഇത് റദ്ദാക്കുക, കരുവന്നൂരിന്റെ പേരിൽ സംസ്ഥാനത്തെ സഹകരണ മേഖലയെയാകെ സംബന്ധിച്ച അന്വേഷണം നടത്തുന്നത് തടഞ്ഞ് ഉത്തരവിടുക തുടങ്ങിയ ആവശ്യങ്ങളും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങളുടെയടക്കം വിശദാംശങ്ങൾ തേടുന്നത് അന്യായമാണെന്നാണ് വാദം. ഉയർന്ന ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ സമൻസ് നൽകുന്നതെന്തിനെന്ന് കോടതി വാക്കാൽ ചോദിച്ചപ്പോഴാണ് ഇതിൽ തുടർനടപടിയുണ്ടാകില്ലെന്ന് കേന്ദ്രം അറിയിച്ചത്.
ഇങ്ങനെ സമൻസ് നൽകുന്നതിൽ പൗരാവകാശ പ്രശ്നമുള്ളതായും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്ന ഇ.ഡിയുടെ വാദത്തിന്, സഹകരിക്കുന്നതിൽ പ്രശ്നമില്ലെന്നും സംസ്ഥാനത്തെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഇതിന്റെ പേരിൽ തേടാൻ അധികാരമില്ലെന്നും അഡ്വക്കറ്റ് ജനറൽ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.