പ്രവാസലോകത്തെ പാ​ട്ടെഴുതി പാട്ടിലാക്കി ഷാഫി

അൽഐൻ​: പ്രവാസത്തി‍ൻെറ തിരക്കിനിടയിലും മാപ്പിളപ്പാട്ടുകൾ എഴുതാനും ചിട്ടപ്പെടുത്താനും മനോഹരമായി പാടാനും സമയം കണ്ടെത്തുകയാണ് ഷാഫി മുണ്ടക്കൈ. മനോഹര ശബ്​ദത്തിനുടമയായ ഷാഫി, യു.എ.ഇയിലെ വിവിധ സ്​റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. യു.എ.ഇയിൽ നടന്ന പല മാപ്പിളപ്പാട്ട് മത്സരങ്ങളിലും സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. പ്രമുഖ ഗാനരചയിതാക്കളുടെ ഗാനങ്ങൾ ഷാഫി പാടിയതോടൊപ്പം ഇദ്ദേഹം എഴുതിയ ഗാനങ്ങൾ പല ഗായകരും പാടിയിട്ടുണ്ട് എന്നതും ഒരു പ്രത്യേകതയാണ്. കല്യാണവീടുകളിലും മറ്റു ആഘോഷ പരിപാടികളിലുമെല്ലാം മാപ്പിളപ്പാട്ടുകൾ പാടിയാണ് തുടക്കം. കാസർകോടൻ ഗ്രാമങ്ങളിലെ കല്യാണവീടുകളിലും ആഘോഷ രാവുകളിലും ഷാഫി മുണ്ടക്കൈയുടെ ഇശലുകൾ പെയ്തിറങ്ങിയിട്ടുണ്ട്. മാപ്പിളപ്പാട്ട് രചനക്കുപുറമെ താരാട്ടുപാട്ടുകളും രാഷ്​ട്രീയ പാർട്ടികൾക്ക് വേണ്ടിയുള്ള ഗാനങ്ങളും എഴുതിയിട്ടുണ്ട്. ജന്മദിനാശംസകൾക്കും കുടുംബ സംഗമങ്ങൾക്കുമെല്ലാം പാട്ടുകൾ എഴുതി ചിട്ടപ്പെടുത്തി പാടിക്കൊടുക്കും. ഗായകനും ഗാനരചയിതാവിനും പുറമെ നല്ലൊരു വോളിബാൾ കളിക്കാരനുമാണ് ഷാഫി. യു.എ.ഇയിലെ വിവിധ വോളിബാൾ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. നൂറുകണക്കിന് ഗാനങ്ങളാണ് ഷാഫി ശ്രുതി മധുരമായ ഈണത്തിൽ പാടിയിട്ടുള്ളത്. സ്വയം എഴുതി, ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനങ്ങളും നിരവധിയാണ്. ഹെഡ്സെറ്റും ലാപ്ടോപ്പുമാണ് ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ ഉപയോഗിക്കുന്നത്. പീർ മുഹമ്മദ്‌, എ.വി. മുഹമ്മദ്, വി.എം. കുട്ടി, എം.എ. അസീസ് തുടങ്ങിയ പ്രമുഖരുടെ പഴയകാല മാപ്പിളപ്പാട്ടുകൾ പാടാനാണ് ഷാഫിക്ക്​ ഇഷ്​ടം. സ്വന്തമായി പാടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. യു.എ.ഇയുടെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഷാഫി എഴുതി പാടിയ പാട്ടും കോവിഡ്​ മഹാമാരി കാലത്ത് എഴുതി പാടിയ പാട്ടും വൈറലാണ്. മാപ്പിളകലയോട് ഏറെ അടുത്തുനിൽക്കുന്നവരാണ് ഷാഫിയുടെ കുടുംബം. മുണ്ടക്കൈ പോക്കർ തറവാട്ടിൽ ദഫ് കുടുംബത്തിലാണ്​ ജനനം. സഹോദരൻ അബ്​ദുൽ ഖാദർ ഹാജി ദഫ് ഉസ്താദായിരുന്നു. മറ്റൊരു സഹോദരൻ ഇബ്രാഹിം ഇപ്പോൾ ദഫും കൈകൊട്ടിക്കളിയുമായി നാട്ടിൽ ഈ രംഗത്ത് സജീവമാണ്. 32 വർഷമായി യു.എ.ഇയിലുള്ള ഇദ്ദേഹത്തിന്​ ഉമ്മുൽ ഖുവൈൻ, ദുബൈ, അബൂദബി എന്നിവിടങ്ങളിലായിരുന്നു ആദ്യകാലത്ത് ജോലി. ഇപ്പോൾ അൽഐനിലെ ശുഐബിൽ സ്വദേശിയുടെ വീട്ടിൽ 16 വർഷമായി ഡ്രൈവറായി ജോലിചെയ്യുന്നു. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയത്താണ് ഗാനങ്ങൾ എഴുതുന്നത്. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഗാനങ്ങൾ എഴുതിയതായി ഷാഫി ഓർക്കുന്നു കാസർകോട് മുളിയാർ മുണ്ടക്കൈ സ്വദേശിയാണ്. ഭാര്യ: അസ്മ ചേരൂർ. മക്കൾ: ഷാക്കിർ, ഷാബിർ, ഷാബിത്ത്, സൈനബത്ത് നൂരിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.