കാസർകോട്: ഗോവയിൽ ഐ.എസ്.എല്‍ ഫുട്‍ബാൾ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഹൈദരാബാദ് എഫ്.സിയുടെയും തീപ്പാറും മത്സരം കാണാൻ പുറപ്പെട്ടതായിരുന്നു കോട്ടക്കൽ ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ സുഹൃത്തുക്കൾ. രണ്ട് ബൈക്കുകളിലും കാറിലുമായാണ് സംഘം യാത്ര തിരിച്ചത്.
എന്നാൽ, കാറിൽ സഞ്ചരിച്ചിരുന്നവർ മംഗളൂരുവിലെത്തിയപ്പോൾ ബൈക്കിൽ വരികയായിരുന്നവരെ കാണാനില്ല. തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ എടുത്തത് പൊലീസ്. ഇരുവര്‍ക്കും അപകടം സംഭവിച്ച വിവരം അറിഞ്ഞത്. തങ്ങളുടെ പ്രിയ ചങ്ങാതിമാർ ഇരുവരും എന്നന്നേക്കുമായി വിടപറഞ്ഞ വിവരം കേട്ട് ഇവർ തളർന്നിരുന്നു പോയി.
ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് കോട്ടക്കൽ ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശികളായ മുഹമ്മദ് ജംഷീർ (22), മുഹമ്മദ് ശിബിൻ (20) എന്നിവർ മരിച്ചത്. ഞായറാഴ്ച പുലര്‍ചെ അഞ്ചരയോടെ കാസർകോട് ഉദുമ പള്ളത്തായിരുന്നു അപകടം. ഹൈദരാബാദിന് വേണ്ടി കളിക്കുന്ന അബ്ദുർ റബീഹിന്റെ സുഹൃത്തുക്കളാണ് എല്ലാവരും.
അബ്ദുൽ കരീം - ജമീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ജംഷീർ. കോയമ്പത്തൂരിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് ജംശാദ്, മുഹമ്മദ് നിഹാൽ, നൗഫൽ, ജുമൈല.
നാസർ - ജസീല ദമ്പതികളുടെ മകനാണ് മുഹമ്മദ് ശിബിൻ. കോട്ടക്കലിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. സഹോദരങ്ങൾ: റുമൈസ്, അശ്ഫിൻ, ഫിദ.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.