കാസർകോട്: എൻഡോസൾഫാൻ വിഷമഴ ദുരന്തത്തിന് പ്രക്ഷോഭത്തിെൻറ മുഖം നൽകിയ 'അരജീവിതങ്ങൾക്കൊരു സ്വർഗം' എന്ന ഡോക്യുമെന്ററിക്ക് രണ്ടുപതിറ്റാണ്ട്. എം.എ. റഹ്മാെൻറ ചലച്ചിത്ര ജീവിതത്തിൽ നിർണായകമായ ഇൗ ഡോക്യുമെന്ററിയാണ് നരകജീവിതങ്ങളെ ചിത്രങ്ങൾക്കും വാർത്തകൾക്കും എഴുത്തുകൾക്കുമപ്പുറം പുറംലോകത്തെത്തിച്ചതും അതിെൻറ ദുരന്തമുഖത്തിെൻറ തീവ്രത ലോകത്തെ അറിയിച്ചതും. എൻഡോസൾഫാൻ മൂലം രോഗികൾ സൃഷ്ടിക്കപ്പെടുന്നുവെന്ന വാർത്ത സാമൂഹിക പ്രശ്നമായി വാർത്താപ്രാധാന്യം നേടിയപ്പോൾ തന്നെ അതിനെ ഡോക്യുമെന്ററിയായി ചിത്രീകരിക്കാനിറങ്ങിയ എം.എ. റഹ്മാൻ 1999ലാണ് ഷൂട്ടിങ് തുടങ്ങിയത്. കെ.എം.കെ. കുഞ്ഞബ്ദുല്ലയുടെ നേതൃത്വത്തിൽ 'ഗ്രീൻഫോക്സ്' നിർമാണം ഏറ്റെടുത്ത ഈ ഡോക്യുമെൻററി മൂന്നുവർഷത്തെ ശ്രമകരമായ ചിത്രീകരണത്തിനും ഒരുക്കങ്ങൾക്കുംശേഷം 2002ലാണ് പൂർത്തിയാക്കിയത്.
ഡോക്യുമെന്ററിക്ക് പണംമുടക്കിയവർക്ക് അത് തിരിച്ചുനൽകില്ല എന്ന സവിശേഷ കരാർ കൂടിയുണ്ടായിരുന്നു. ഇൗ ഉടമ്പടി മുദ്രക്കടലാസിൽ രേഖപ്പെടുത്തിയാണ് ഷൂട്ടിങ് തുടങ്ങിയത്. പ്രദർശിപ്പിച്ചു കിട്ടുന്ന തുക മുഴുവൻ എൻഡോസൾഫാൻ ഇരകൾക്ക് നൽകുമെന്നും ഉടമ്പടിയിലുണ്ടായിരുന്നു. സ്കൂളുകൾ, കോളജുകൾ, ചർച്ചുകൾ, ക്ലബുകൾ തുടങ്ങി ആവശ്യപ്പെട്ടവർക്കെല്ലാം സൗജന്യമായി സീഡി അയച്ചുകൊടുത്ത് പ്രദർശിപ്പിച്ചു. ഡോക്യുമെന്ററി, ഫെസ്റ്റിവലുകൾക്കയക്കില്ല എന്ന വ്യവസ്ഥയും ഉണ്ടാക്കിയിരുന്നു. ഇതിെൻറ വാണിജ്യവത്കരണത്തിെൻറ സാധ്യതകളെല്ലാം ഒഴിവാക്കുക എന്നതായിരുന്നു ഇത്തരം വ്യവസ്ഥകളുടെ ഉദ്ദേശ്യം. ഇതിൽനിന്നും ലഭിച്ച പണം ആദ്യം, വാണിനഗറിൽ ബാങ്ക് ജപ്തിയിൽ വിഷമിക്കുന്ന ഒരമ്മക്ക് താങ്ങായി മാറി. ഈ പണം ബാങ്കിൽ നേരിട്ടടച്ച് ജപ്തി ഭീഷണിയിൽനിന്ന് അവരെ കരകയറ്റി.
ഉന്നത നീതിപീഠത്തിന് ദുരന്തത്തിെൻറ വ്യാപ്തി മനസ്സിലാക്കാൻ ഡോക്യുമെൻററി കാരണമായി. ഇത് എൻഡോസൾഫാൻ നിരോധനത്തിന് ഇടയാക്കി. ദേശീയ മനുഷ്യാവകാശ കമീഷനും സുപ്രീംകോടതിയിലേക്ക് ഈ ഡോക്യുമെൻററിയാണ് സമർപ്പിച്ചത്.
വിവാഹങ്ങൾ ഷൂട്ട് ചെയ്യുന്ന സിംഗിൾ സി.സി.ഡി കാമറയിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. മണ്ണാർക്കാട്ടുകാരൻ അജു കെ. ഈപ്പൻ ആയിരുന്നു കാമറമാൻ. ഒരു മാസത്തോളം പതിമൂന്ന് പഞ്ചായത്തുകളിൽ സഞ്ചരിച്ചായിരുന്നു പ്രധാന ഷൂട്ടിങ്. എൻഡോസൾഫാൻ പ്രശ്നവുമായി ബന്ധെപ്പട്ട് ചേരുന്ന യോഗങ്ങൾ, സെമിനാറുകൾ, അന്വേഷണ കമീഷൻ സിറ്റിങ്ങുകൾ എന്നിവ പലപ്പോഴായി ചിത്രീകരിക്കേണ്ടിവന്നു. സുനിൽ ബേപ്, രാജു കാഞ്ഞങ്ങാട്, രാജേഷ് അഴീക്കോടൻ, ബി.സി.കുമാരൻ എന്നിവരും പ്രവർത്തിച്ചു. നിർമാതാവായ കെ.എം.കെ. കുഞ്ഞബ്ദുല്ല ഇന്ന് ജീവിച്ചിരിപ്പില്ല.
മരുന്ന് പരീക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുന്ന ഡോക്യുമെന്ററി –എം.എ റഹ്മാൻ
കീടനാശിനിക്കെതിരെ ആഗോള തലത്തിൽ അവബോധം സൃഷ്ടിച്ച റെയ്ച്ചൽ കാർസെൻറ സൈലന്റ് സ്പ്രിങ്ങിെൻറ തുടർച്ചയായാണ് എൻഡോസൾഫാനെതിരെയുള്ള 'അരജീവിതങ്ങൾക്കൊരു സ്വർഗം' ഉൾപ്പെടെയുള്ള സൃഷ്ടികളെ സർഗാത്മകലോകം കാണുന്നതെന്ന് സംവിധായകൻ എം.എ. റഹ്മാൻ. 'വംശീയതയും സാമ്രാജ്യത്വവും മുതലാളിത്തത്തിെൻറ കച്ചവടതാൽപര്യവും നിലനിൽക്കുമ്പോള് മരുന്ന് പരീക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍കൂടി ഈ ഡോക്യുമെന്ററി പങ്കുവെക്കുന്നുണ്ട്. മരുന്ന് പരീക്ഷണങ്ങളുടെ ഗുണഭോക്താക്കള്‍ ഒരുവിഭാഗവും ഇരകള്‍ മറ്റൊരു വിഭാഗവുമാകുമ്പോള്‍ ചില നൈതിക പ്രശ്നങ്ങള്‍ ഉയർന്നുവരും. പ്ലാേന്റഷൻ കോർപറേഷൻ കാസർകോട് ജില്ലയിലുള്ള കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാനുള്ള തീരുമാനത്തിലും തുടർന്നുണ്ടായ സംഭവങ്ങളിലും ഇൗ പ്രശ്നം കാണാം- എം.എ. റഹ്മാൻ കൂട്ടിച്ചേർത്തു. 'ബഷീർ ദി മാൻ, ഗോത്രസ്മൃതി, ഇശൽഗ്രാമം വിളിക്കുന്നു തുടങ്ങി വൈവിധ്യമാർന്ന ഡോക്യുമെന്ററികളും റഹ്മാേന്റതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.