കാസർകോട്: സംസ്ഥാനത്തെ പൊതു സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ജില്ലതല സ്ഥലംമാറ്റ ഉത്തരവും ഇറങ്ങി. ഇതോടെ കാസർകോട് നഗരസഭയിൽനിന്ന് 26 ജീവനക്കാർ മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥലം മാറിപ്പോകും.
എന്നാൽ കാസർകോട് നഗരസഭയിലേക്ക് വരുന്നത് 15 പേർ മാത്രവും. നേരത്തെ 19 ജീവനക്കാരെ സംസ്ഥാന പൊതുസ്ഥലംമാറ്റത്തിലൂടെ കാസർകോട് നഗരസഭയിൽനിന്ന് മാറ്റിയിരുന്നു. എന്നാൽ പകരം നിയമിച്ചവരിൽ രണ്ട് അസി. എൻജിനീയർമാർ ഇതുവരെ നഗരസഭയിൽ ചുമതല ഏറ്റെടുത്തിട്ടില്ല. ഇതേതുടർന്ന് സ്ഥലംമാറി വന്ന ഓവർസിയർക്കാണ് അസി. എൻജിനീയറുടെ ചുമതല നൽകിയിരിക്കുന്നത്.
നിലവിൽ നഗരസഭയിൽ സെക്രട്ടറി, പി.എ ടു സെക്രട്ടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ആറ് സീനിയർ ക്ലർക്കുമാരുടെ ഒഴിവും നികത്തിയിട്ടില്ല. നിലവിൽ മുനിസിപ്പൽ എൻജിനീയർക്കാണ് സെക്രട്ടറിയുടെ ചുമതല. കൂടാതെ സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപ്പെട്ട റവന്യൂ ഇൻസ്പെക്ടർക്ക് പകരവും ആളെ നിയമിച്ചിട്ടില്ല.
ജില്ലതല ലിസ്റ്റിൽ സ്ഥലംമാറ്റം ലഭിച്ച 11 എൽ.ഡി ക്ലർക്കുമാർക്ക് പകരം ഏഴുപേരെയും, ഏഴ് ഓഫിസ് അറ്റന്റന്റുമാർക്ക് പകരം മൂന്നു പേരെയും, മൂന്നു ടൈപിസ്റ്റിന് പകരം രണ്ടുപേരെയും, രണ്ട് ഭാഷാ ന്യൂനപക്ഷ വിഭാഗം ജീവനക്കാർക്ക് പകരം ഒരാളെയുമാണ് നഗരസഭയിൽ നിയമിച്ചത്. എന്നാൽ സ്ഥലംമാറ്റിയ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ടിന് പകരവും ചെയിൻമാനു പകരവും ആളെ നിയമിച്ചിട്ടില്ല. നിലവിൽ ജീവനക്കാരുടെ ക്ഷാമം മൂലം ഓഫിസ് പ്രവർത്തനം താളം തെറ്റിയ നഗരസഭയിൽ ഇരുട്ടടിയായിരിക്കുകയാണ് 26 ജീവനക്കാരെ കൂടി സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.