ജില്ലയിൽ തീർപ്പുകാത്ത് 450 പോക്സോ കേസുകൾ

കാസർകോട്: ജില്ലയിൽ തീർപ്പുകാത്തിരിക്കുന്നത് 450 പോക്സോ കേസുകൾ. കാസർകോട്‌ കോടതിയിൽ 300 ഉം ഹോസ്‌ദുർഗ്‌ കോടതിയിൽ 150 ഉം പോക്സോ കേസുകളാണ് വിധിവരുന്നതും കാത്തിരിക്കുന്നത്.

ജില്ലയിൽ പോക്‌സോ കേസുകളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് പോക്‌സോ കേസുകൾക്കായി ആരംഭിക്കുന്ന ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രത്യേക കോടതിയുടെ ഉദ്‌ഘാടനവും ഹോസ്‌ദുർഗ്‌ കോടതി കോംപ്ലക്‌സ് പണിയുന്നതിനുള്ള ഭൂമി കൈമാറലും ശനിയാഴ്‌ച നടക്കുമെന്ന്‌ ജില്ല സെഷൻസ്‌ ജഡ്‌ജി സി. കൃഷ്‌ണകുമാർ അറിയിച്ചു.

വിദ്യാനഗറിൽ കുടുംബ കോടതി കെട്ടിടത്തിന്റെ മുകളിലെ നിലയിൽ പ്രവർത്തനമാരംഭിക്കുന്ന കോടതി ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന്‌ ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ അനുവദിച്ച 28 കോടതികളിൽ ഒന്നാണ്‌ കാസർകോട്ട് ആരംഭിക്കുന്നത്‌. പോക്‌സോ കോടതികളിൽ തീർപ്പു കാത്തിരിക്കുന്ന പോക്സോ കേസുകൾ അമ്പതിൽ താഴെ ആയിരിക്കണമെന്നാണ്‌ നിർദേശം. ജില്ലയിലെ മൂന്നാമത്തെ പോക്‌സോ കോടതിയാണ്‌ തുടങ്ങുന്നത്‌.

ഇവിടേക്ക് ആവശ്യമായ ജഡ്ജിയും ജീവനക്കാരും ഇതിനകം തീരുമാനമായി. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമനം ഉടനുണ്ടാകും. ഇരകളായ കുട്ടികളുടെ മാനസിക നിലക്കനുസരിച്ചാണ്‌ പുതിയ കോടതിയിൽ സൗകര്യമൊരുക്കിയത്. ഇരകളായ കുട്ടികൾക്ക്‌ പ്രത്യേക സാക്ഷിക്കൂടാണ് തയാറാക്കിയത്.

പ്രതിക്കും മറ്റുള്ളവർക്കും കാണാൻ സാധിക്കാത്ത വിധമാണ് സാക്ഷിക്കൂട് സജ്ജീകരിച്ചിരിക്കുന്നത്. ജഡ്ജിക്കും ഇരക്കും കോടതിയിലേക്ക്‌ പ്രത്യേകം പ്രവേശന കവാടമുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കാസർകോട്‌ ബാർ അസോസിയേഷൻ പ്രസിഡന്റ്‌ എം. നാരായണ ഭട്ട്‌, സെക്രട്ടറി പ്രദീപ്‌ റാവു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 450 POCSO cases are pending in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.