കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കൊല്ലൂരിലേക്ക് എ.സി.ബസ് പരിഗണനയിലെന്ന് കർണാടക റോഡ് ട്രാൻസ്പോർട്ട്. കുമ്പള റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനാണ് മുന്നോട്ടുവച്ചത്. കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ രണ്ട് ജോഡി പ്രീമിയർ വന്ദേഭാരത് തീവണ്ടികൾ ഓടുന്നുണ്ട്. ഈ തീവണ്ടിയിൽ കാസർകോട് സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരിൽ പലരും സമീപത്തുള്ള കർണാടകയിലെ മംഗളൂരു, സൂരത്കൽ, ഉഡുപ്പി, മണിപ്പാൽ എന്നീ മെഡിക്കൽ, വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും മലയാളികൾ ഏറെ പോകുന്ന പ്രസിദ്ധ തീർഥാടന കേന്ദ്രമായ മൂകാംബിക ക്ഷേത്രത്തിലേക്കും പോകുന്നവരാണ്.
അതിനാൽ കാസർകോട് റെയിൽവേ സ്റ്റേഷനെ മുകളിലുള്ള സ്ഥലങ്ങളുമായി ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കിയാൽ അത് യാത്രക്കാർക്ക് ഉപകാരപ്രദമാകും. ഒരു വന്ദേഭാരത് എക്സ്പ്രസ് സ്റ്റേഷനിൽ എത്തേണ്ട സമയം ഉച്ചതിരിഞ്ഞ് 1.20 ആണെങ്കിലും മിക്ക ദിവസങ്ങളിലും ഒരു മണിയോടെ വണ്ടി എത്താറുണ്ട്. തിരികെ പോകുന്ന തീവണ്ടി പുറപ്പെടുന്നത് 2.30ന് ആണ്.
സമയക്രമം ഇപ്രകാരമാക്കാം: കൊല്ലൂരിൽനിന്ന് രാവിലെ 8.45 ന് പുറപ്പെട്ട് ഉച്ചക്ക് ഒരു മണിക്ക് കാസകോട് റെയിൽവേ സ്റ്റേഷനിൽ എത്തും. 1.30ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 5.45 ന് കൊല്ലൂരിലെത്തും. തെക്കോട്ട് വന്ദേ ഭാരതിൽ പോകേണ്ടവർക്കും കാസർകോട് വണ്ടിയിറങ്ങി മംഗളൂരു, ഉഡുപ്പി, കൊല്ലൂർ ഭാഗത്തേക്ക് പോകേണ്ടവർക്കും ഒരുപോലെ ഉപകാരപ്പെടും ഈ ബസ് ട്രിപ്പ്.
ബസ് മംഗളൂരു ഡിപ്പോയിൽ നിന്ന് രാവിലെ ആറിനായിരിക്കും കൊല്ലൂരിലേക്ക് പുറപ്പെടുക. കൊല്ലൂരിൽനിന്ന് മംഗളൂരുവിലേക്ക് വൈകീട്ട് 6.15 ന് തിരികെ പോകുക എന്നീ ക്രമത്തിൽ ഹാൾട്ട് ക്രമീകരിക്കാം. ഈ ട്രെയിനിന് എത്തുന്ന ഭക്തജനങ്ങൾക്ക് കൊല്ലൂരിലെ ദീപാരാധനയും ശീവേലിയും തൊഴുത്, രാവിലെ നിർമ്മാല്യ ദർശനംകൂടി കഴിഞ്ഞ് തിരിച്ചുവരാൻ സാധിക്കും.
ട്രെയിൻ ടിക്കറ്റിനൊപ്പം ബസ് ടിക്കറ്റും ബുക്ക് ചെയ്യുന്നതിനായി കർണാടക ആർ.ടി.സി- ഐ.ആർ.സി.ടി.സിയുമായി ധാരണയിലെത്തണം. ഈ നിർദേശം കുമ്പള ട്രെയിൻ പാസഞ്ചർ അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാട് കർണാടക കർണാടക ആർ.ടി.സി. മംഗളൂരു ഡിവിഷനൽ കൺട്രോളർ മുമ്പാകെ വെച്ചതിന്റെ അടിസ്ഥാനത്തിലാണ് സർവിസ് പരിഗണനയിലെടുത്തത്. ഉടൻ തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.