കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ എന്മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ വെള്ളിയാഴ്ച ഉന്മൂലനം ചെയ്യും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. ജില്ല മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും അടങ്ങുന്ന ദ്രുതകർമ സേനയാണ് സംസ്കരിക്കുക.
ഇതിനായുള്ള പരിശീലനം വ്യാഴാഴ്ച നല്കി. ഉന്മൂലനം ചെയ്യാൻ പ്രത്യേക കിറ്റുകള്‍ അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ സ്വീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുക. ദേശീയ കർമ പദ്ധതി പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കി.മീ. ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും ഉന്മൂലനം ചെയ്യണമെന്നാണെങ്കിലും ഒരു കി.മീ. പരിധിയില്‍ മറ്റു ഫാമുകള്‍ ഇല്ലാത്തതിനാല്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യവ്യക്തിയുടെ ഫാമിലെ പന്നികളെ മാത്രമേ ഉന്മൂലനം ചെയ്യുന്നുള്ളൂ.
ദ്രുത കർമ സേനാംഗങ്ങൾക്ക് ഒഴികെ മറ്റാര്‍ക്കും ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനമുണ്ടാവില്ല. മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മറ്റു സ്ഥലങ്ങളിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി. വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം.
പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പ് ഫയര്‍ ആൻഡ് റസ്ക്യൂ, റവന്യു തുടങ്ങിയ വകുപ്പുകള്‍ സഹകരണം നല്‍കും. കാസര്‍കോട് ആര്.ഡി.ഒ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിന്റെ പത്തു കി.മീ. ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചി വില്പന മൂന്നു മാസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ അഗ്നിരക്ഷാ വകുപ്പ് പ്രദേശം അണുവിമുക്തമാക്കും. രോഗപ്രതിരോധത്തിനായി എത്തുന്ന ദ്രുതകർമ സേന അംഗങ്ങള്‍ക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എൻമകജെ ഗ്രാമ പഞ്ചായത്ത് ഉറപ്പു വരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.