കാസർകോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിച്ചാൽ കാസർകോട് ജില്ലയെ പരിഗണിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഡൽഹി പ്രതിനിധി കെ.വി. തോമസ് മുഖേന കേന്ദ്ര സർക്കാറിന് കത്ത് നൽകിയതോടെ ജില്ല വലിയ പ്രതീക്ഷയിൽ.
കേന്ദ്ര സർക്കാറിന് നൽകിയ കത്തിൽ കെ.വി. തോമസിന് അബദ്ധം പിണഞ്ഞതാണെന്ന വിശദീകരണം പിന്നീട് വരികയും മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് കോഴിക്കോടിനുവേണ്ടി കെ.വി. തോമസ് വീണ്ടും കേന്ദ്രത്തിന് നിവേദനം നൽകുകയും ചെയ്തത് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും കാസർകോട്ടുകാർ പ്രതീക്ഷ കൈവിടുന്നില്ല.
കോഴിക്കോട് എയിംസ് സ്ഥാപിക്കാനാണ് സംസ്ഥാന സർക്കാർ നേരത്തെ നീക്കം നടത്തിയത്. കിനാലൂരിൽ അതിനായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, എയിംസിനായി കാസർകോട് ജില്ലയിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. കോഴിക്കോടിനു പുറത്ത് മറ്റൊരു ആലോചന പോലുമില്ല എന്ന അവസ്ഥയിൽ നിന്നാണ് പൊടുന്നനെ കാസർകോടിന്റെ പേരുകൂടി കടന്നുവന്നത്.
ജില്ലയിൽ ആരോഗ്യ മേഖല വളരെ പരിതാപകരമാണ്. അനുവദിച്ച മെഡിക്കൽ കോളജുപോലും പൂർത്തിയായിട്ടില്ല. കോവിഡ് കാലത്ത് ചികിത്സ കിട്ടാതെ 24 ഓളം പേർക്കാണ് ജില്ലയിൽ ജീവൻ നഷ്ടമായത്. പതിവായി ചികിത്സ തേടുന്ന മംഗളൂരു ആശുപത്രിയിലേക്കുള്ള വഴികൾ കർണാടക സർക്കാർ കൊട്ടിയടച്ചതിനെ തുടർന്നാണ് ഇത്രയും മരണം സംഭവിച്ചത്. ഇതിനെ തുടർന്ന് ജില്ലയിലെ ആരോഗ്യ രംഗം വലിയ ചർച്ചകൾക്ക് വിധേയമായി.
എയിംസിനായി ജില്ലയെ പരിഗണിക്കണമെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം നൽകിയ കത്തിൽ കാസർകോട് എന്തുകൊണ്ട് പരിഗണിക്കപ്പെടണം എന്നുകൂടി പറയുന്നതാണ് ഏറെ പ്രതീക്ഷക്ക് വക നൽകുന്നത്. മംഗളൂരുവിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെ എയിംസ് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലമുണ്ട്. ആരോഗ്യ മേഖലയിൽ പിന്നാക്കമാണ്. എയിംസ് വന്നാൽ തെക്കൻ കർണാടകത്തിനും വടക്കൻ കേരളത്തിനും ഉപകരിക്കും തുടങ്ങിയ കാര്യങ്ങൾ കത്തിൽ സൂചിപ്പിക്കുന്നുണ്ട്.
‘വിശ്വസിക്കാമെങ്കിൽ സന്തോഷമുള്ള കാര്യമാണ്. എന്നാലും എയിംസ് കാസർകോടിന് അനുവദിച്ചുകിട്ടും വരെ വിവിധ സമര പോരട്ടങ്ങളുമായി മുന്നോട്ടു പോകും. ഞാൻ സമരം കിടക്കുമ്പോൾ കോഴിക്കോടായിരുന്നു തീരുമാനിച്ചത്. കാസർകോടിന്റെ കാര്യം പറയുമ്പോൾ അതുപറയുകയേ വേണ്ട എന്നും കോഴിക്കോട് തീരുമാനമായി എന്നുമാണ് സർക്കാർ പറഞ്ഞത്.
എന്നെ സംബന്ധിച്ചിടത്തോളം അവിടെ വളരുന്ന കുഞ്ഞുങ്ങളുടെ ജീവിതമാണ് പ്രധാനം. സാധാരണ മനുഷ്യർ ജീവിക്കുന്നപോലെ ജീവിക്കാനുള്ള സാഹചര്യം വേണം. എല്ലാതരം ചികിത്സയും അവർക്ക് ലഭിക്കണം.
എയിംസ് സ്ഥാപിക്കുന്നതിന് കാസർകോട് ജില്ലയെ പരിഗണിച്ച സംസ്ഥാന സർക്കാറിന്റെ സമീപനം മികച്ചതാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. എയിംസ് കാസർകോട്ടേക്ക് കൊണ്ടുവരുന്നതിന് എല്ലാ ഇടപെടലുകളും സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എയിംസ് ജില്ലക്ക് അനിവാര്യമാണ്, കോഴിക്കോടല്ല. കോഴിക്കോട് മൂന്ന് മെഡിക്കൽകോളജുകളും പത്തിലധികം സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുമുണ്ട്. എൻഡോസൾഫാൻ ഇരകളായ ആയിരക്കണക്കിന് രോഗികളുള്ള നാടാണ്. തലമുറകളോളം ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് കാസർകോടല്ലാതെ മറ്റാരിടം പരിഗണിക്കാനില്ല
രോഗാതുരതക്ക് പരിഹാരം എയിംസ് തന്നെയാണെന്ന ബോധ്യം മെല്ലെയാണെങ്കിലും തോന്നിതുടങ്ങിയത് സ്വാഗതാർഹമാണെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ. കാസർകോടിനെ അറിയാവുന്ന ആർക്കും ഈ വിഷയത്തിൽനിന്ന് മുഖം തിരിക്കാനാവില്ലെന്ന് ആവർത്തിക്കപ്പെടുകയാണ്.
എൻഡോസൾഫാൻ സൃഷ്ടിച്ച സങ്കീർണ്ണമായ രോഗാവസ്ഥയെകുറിച്ച് മനസിലാക്കാൻ പഠന ഗവേഷണ സാധ്യതയുള്ള എയിംസ് അനിവാര്യമാണെന്ന് വിശ്വസിക്കുന്ന കാസർകോടുകാരുടെ പ്രതീക്ഷകൾക്ക് പുത്തനുണർവ് നൽകുന്നതാണ് കെ.വി. തോമസിന്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുകൂടി അനുകൂല തീരുമാനമുണ്ടാകുമെന്ന് കരുതുന്നു.
കഴിഞ്ഞ അഞ്ച് വർഷക്കാലമായി എയിംസ് ജനകീയ കൂട്ടായ്മ നടത്തിവരുന്ന സമരങ്ങൾ അധികാരികളുടെ കണ്ണു തുറപ്പിച്ചതിന്റെ വ്യക്തമായ തെളിവാണ് എയിംസിനായുള്ള നിർദേശത്തിൽ കാസർകോടിന്റെ പേര് ഉൾപ്പെടുത്തി എയിംസ് അനുവദിക്കാൻ കേന്ദ്രം തീരുമാനിച്ചതെന്ന് എയിംസ് ജനകീയ കൂട്ടായ്മ ജനറൽ ബോഡി യോഗം. ജില്ലയ്ക്ക് എയിംസ് അനുവദിച്ചു കിട്ടുന്നതിനായി സമരം ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
എയിംസ് ലഭിക്കുന്നതിന്നായി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഇടപെടലും അഭിനന്ദനീയമാണെന്ന് യോഗം വിലയിരുത്തി. എയിംസ് കൂട്ടായ്മ ജില്ല പ്രസിഡന്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡന്റ് യൂസഫ് ഹാജി ഉദ്ഘാടനം ചെയ്തു.
എയിംസ് കാസർകോട് സ്ഥാപിക്കുന്നതിന് എല്ലാ സഹായവും ബി.ജെ.പി ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്. സംസ്ഥാന സർക്കാറിന് ഇക്കാര്യത്തിൽ എത്രത്തോളം ആത്മാർഥയുണ്ട് എന്ന് തെളിയിക്കണം. കാസർകോടിന്റെ കാര്യത്തിൽ എവിടെയാണ് എയിംസ് സ്ഥാപിക്കുക എന്നുകൂടി വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.