കാസർകോട്: മല്ലികാർജുനക്ഷേത്രം ട്രസ്റ്റി സ്ഥാനത്തേക്ക് കോൺഗ്രസുകാരെ നിയമിച്ചതിൽ സി.പി.എമ്മിൽ ചൂടേറിയ വിവാദം. ഏരിയ, ലോക്കൽ ഘടകങ്ങളെ മറികടന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനം കീഴ്ഘടകങ്ങൾ ചോദ്യം ചെയ്തു. സി.പി.എം കാസർകോട് ഏരിയകമ്മിറ്റിക്ക് കീഴിൽ അടുത്തുചേരാനിരിക്കുന്ന യോഗങ്ങളിൽ ഇത് സുപ്രധാന വിഷയമായേക്കും.
സി.പി.എമ്മിനുകീഴിലെ സാധാരണ രീതിയനുസരിച്ച് പാർട്ടി ലോക്കൽ കമ്മിറ്റിയാണ് ബന്ധപ്പെട്ട ക്ഷേത്രം പരിധിയിൽനിന്ന് ട്രസ്റ്റിമാരെ കണ്ടെത്തി ബോർഡിന് അനൗദ്യോഗികമായി കൈമാറുന്നത്. ഇത് മലബാർ ദേവസ്വം ബോർഡിന്റെ ഏരിയ കമ്മിറ്റി വഴി മലബാർ ദേവസ്വം ബോർഡിലേക്ക് പോകുകയാണ് പതിവ്. ഭരിക്കുന്ന പാർട്ടിക്കാരെ മാത്രം ട്രസ്റ്റിമാരായി നിയമിക്കുന്ന രീതി നടക്കുന്നതിനാൽ മറ്റg പാർട്ടിക്കാർ അപേക്ഷ നൽകാറില്ല.
മല്ലികാർജുന ക്ഷേത്ര ട്രസ്റ്റിന്റെ കാര്യത്തിൽ സംഭവിച്ചത് ദുരൂഹമായ ‘ഡീലിങ്’ ആണെന്ന ആക്ഷേപം സി.പി.എമ്മിനകത്ത് ശക്തമാണ്. സി.പി.എമ്മുകാരെ പാർട്ടി നേതൃത്വം അറിയിക്കുകയോ അപേക്ഷ നൽകാൻ അവസരമുണ്ടാക്കകുകയോ ചെയ്തിട്ടില്ല. തന്ത്രപരമായി കോൺഗ്രസുകാരെ നിയമിച്ചുവെന്നാണ് പരാതി. സി.പി.എമിന് സ്വാധീനംകുറഞ്ഞ കാസർകോട് നഗരത്തിലെ സുപ്രധാന ക്ഷേത്രമാണ് മല്ലികാർജുനക്ഷേത്രം.
ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ ഭരണം ഏറെ അലോസരപ്പെടുത്താറുണ്ട്. നഗരത്തിൽ സി.പി.എമ്മിന് സ്വാധീനമുണ്ടാക്കാനുള്ള ഏറ്റവും നല്ല മാർഗംകൂടിയാണ് ഈ ക്ഷേത്രഭരണം. ഈ അവസരമാണ് പാർട്ടി നേതൃത്വം കോൺഗ്രസുകാരെ നിയമിക്കുകവഴി ഇല്ലാതാക്കിയതെന്നാണ് പരാതി.
രണ്ടുതരംപരാതികളാണ് ഉയർന്നത്. കുമ്പളയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ദേവസ്വം ബോർഡ് ചെയർമാന് പരാതി നൽകി. ഇത് ഒരു രഷ്ട്രീയ തന്ത്രമാണെന്ന് ചെയർമാൻ ബോധ്യപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്.
മറ്റൊരു പരാതി ദേവസ്വം ക്ഷേത്രം ഭാരവാഹികളായി രാഷ്ട്രീയക്കാരെ നിയമിക്കാൻ പാടില്ലെന്ന ഹൈകോടതിവിധി ഉയർത്തിയാണ്. ബി.ജെ.പി പ്രവർത്തകനായ വേണുഗോപാലനാണ് പരാതിക്കാരൻ. ഈ പരാതിയുടെ പിന്നിൽ സി.പി.എമ്മുകാരാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പാർട്ടി സ്ഥാനാർഥി ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ട കാസർകോട് എന്ത് രാഷ്ട്രീയ തന്ത്രമാണ് നടന്നത് എന്നന്വേഷിക്കുകയാണ് പാർട്ടി അണികൾ. പാർട്ടി ചെലവിൽ ദേവസ്വം ട്രസ്റ്റി ഭാരവാഹികളായ കോൺഗ്രസുകാർ ഉറച്ചകോൺഗ്രസുകാരായി തുടരുന്നു.
യു.ഡി.എഫ് ജില്ല സെക്രട്ടറി അഡ്വ. എ. ഗോവിന്ദൻ നായർ, ഡി.സി.സി മുൻ നിർവാഹക സമിതിയംഗം അർജുനൻ തായലങ്ങാടിയുടെ ഭാര്യ എസ്. ഉഷ, കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ഉമേഷ് അണങ്കൂർ, എ.സി. മനോജ്, രാമപ്രസാദ് എന്നിവരാണ് അംഗങ്ങൾ.
ട്രസ്റ്റി സ്ഥാനങ്ങൾ രാജിവെക്കേണ്ടതില്ല എന്ന നിർദേശം കെ.പി.സി.സിയിലെ ചിലനേതാക്കൾ ഇവർക്ക് നൽകിയതായുംപറയുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ എ.ഗോവിന്ദൻനായർ ക്ഷേത്രത്തിൽ പ്ലാവിൻതൈ നട്ടതോടെയാണ് സംഭവം വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.