ബേക്കൽ ബീച്ച് ഫെസ്റ്റ് നടത്തിപ്പ്; സി.പി.എമ്മിൽ തിരയിളക്കം

ബേക്കൽ: സമാപനത്തിനു പിന്നാലെ ബേക്കൽ ബീച്ച് ഫെസ്റ്റ് നടത്തിപ്പ് സംബന്ധിച്ച് സി.പി.എമ്മിൽ തിരയിളക്കം. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന പള്ളിക്കര പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പാസാക്കിയ പ്രമേയമാണ് പാർട്ടിയിലെ തിരതള്ളലിനു കാരണം. വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി എന്ന് കരുതിയ ബീച്ച് ഫെസ്റ്റ് പള്ളിക്കര പഞ്ചായത്തിന്റെ പ്രമേയത്തോടെ സംശയത്തിന്റെ നിഴലിലായി എന്നതാണ് ചർച്ചക്ക് കാരണം.

പഞ്ചായത്ത് ഭരിക്കുന്നത് സി.പി.എമ്മും ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയുടെ ചെയർമാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുമാണ്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ പനയാൽ ഫെസ്റ്റിന്റെ വൈസ് ചെയർമാനാണ്.

ഫെസ്റ്റ് കഴിഞ്ഞശേഷം പള്ളിക്കര പഞ്ചായത്തിന് ലാഭ വിഹിതം 25 ശതമാനം ലഭിക്കണമെന്ന പ്രമേയം സർക്കാറിലേക്ക് അയച്ചിരിക്കുകയാണ്. പാർട്ടിയുമായോ എം.എൽ.എയുമായോ കൂടിയാലോചന നടത്താതെയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളുടെ കൈയടിയും നേടി. മുസ്‍ലിം ലീഗുൾപ്പടെയുള്ള പ്രതിനിധികൾ പ്രമേയ ചർച്ചയിൽ ഫെസ്റ്റിൽ അഴിമതി ആരോപണവും ഉന്നയിച്ചു. പ്രമേയം പുറത്തുവന്ന ശേഷമാണ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ഫെസ്റ്റിൽ അഴിമതിയുണ്ട് എന്ന പ്രസ്താവന ഇറക്കിയത്. പഞ്ചായത്ത് ഇതിന് അവസരം ഒരുക്കിയെന്ന ആക്ഷേപമാണ് പാർട്ടി ജില്ല നേതൃത്വത്തിനുള്ളത്.

ജില്ല നേതൃത്വത്തിൽ ശക്തനായ സി.എച്ച്. കുഞ്ഞമ്പു സംസ്ഥാന കമ്മിറ്റിയംഗംകൂടിയാണ്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തിയ ശേഷമാണ് ഫെസ്റ്റ് നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. ജില്ലാ നേതൃത്വത്തിൽ ചർച്ചയും ചെയ്തു.

എരിയ കമ്മിറ്റി ഇതിനായി വിളിച്ചു ചേർത്തു. പരിധിയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചു.എല്ലാ ഭാഗവും സുതാര്യമാക്കികൊണ്ടാണ് ഫെസ്റ്റ് നടത്തിയത് എന്ന് സംഘാടകസമിതിയിൽ സി.പി.എം പക്ഷം പറയുന്നു. ലീഗുകാരുമൊത്തുള്ള പ്രമേയം ഫെസ്റ്റിനെ സംശയത്തിന്റെ നിഴലിൽ നിർത്തിയെന്നാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം.

വിനോദ നികുതി എടുത്തുമാറ്റിയതായി ഉത്തരവുണ്ട്. ലഭിക്കാൻ ഒരു സാധ്യതയുമില്ലാത്ത അവസ്ഥയിൽ പ്രമേയത്തിനുപിന്നിൽ കുഞ്ഞമ്പുവിനെതിരെ പടയൊരുക്കം മണക്കുന്നതായും സംശയിക്കുന്നുണ്ട്. അതിനിടയിൽ വാട്സ് ആപ് സന്ദേശങ്ങളും പരക്കുന്നുണ്ട്.

Tags:    
News Summary - Baikal Beach Fest; issues in CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.