കാസർകോട്: ജമാഅത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ ബഷീർ ദിനാചരണത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. ബഷീറിന്റെ പ്രധാന കൃതികളെ സമന്വയിപ്പിച്ചുകൊണ്ട് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത കഥാഖ്യാന ആവിഷ്കാരം സംഘടിപ്പിച്ചു. വിവിധ കൃതികൾ കുട്ടികളെ പരിചയപ്പെടുത്തി. രചന അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി. എസ്.ആർ.ജി കൺവീനർ രഞ്ജിനി ടീച്ചർ സ്വാഗതവും സ്കൂൾ ചെയർമാൻ ഷാഫി മാസ്റ്റർ കുക്രോളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ അവസാനമായി ബഷീറിന്റെ ഓർമക്കായി സ്കൂളങ്കണത്തിൽ മാംഗോസ്റ്റിൻതൈ നട്ടു. സ്കൂൾ പ്രിൻസിപ്പൽ സി.എം. ഹരിദാസ് മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് സഫിയ സമീർ എന്നിവർ സംസാരിച്ചു.
ചെറുവത്തൂർ: വെള്ളാട്ട് ഗവ. എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണം നടത്തി. ചിത്രകാരൻമാരായ സാജൻ ബിരിക്കുളം, വിനോദ് ചെങ്ങൽ, അഭിനവ് വെള്ളാട്ട്, അഭി കൂക്കോട്ട്, ഹർഷ കാരിയിൽ എന്നിവർ സ്കൂൾ ചുമരിൽ ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ വരച്ചു.
കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ രംഗാവിഷ്കാരണം നടത്തി. കുട്ടികൾക്ക് ലൈബ്രറിയിലെ ബഷീർ കൃതികൾ പരിചയപ്പെടുത്തി. ബഷീർ ദിനാചരണം എസ്.എസ്.കെ ജില്ല പ്രോജക്ട് ഓഫിസർ വി.എസ്. ബിജുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. രതീഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട്, പ്രധാനാധ്യാപകൻ എം.ഇ. ചന്ദ്രാംഗദൻ, എം.പി.ടി.എ പ്രസിഡന്റ് ഗീതു, അധ്യാപികമാരായ സജിത മാലിനി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
തൃക്കരിപ്പൂർ: ഒന്നും ഒന്നും എത്ര? സുനിത ടീച്ചറുടെ ചോദ്യം. രണ്ടാം ക്ലാസിലെ മജീദ് കുറച്ചുനേരം ആലോചിച്ചു. ആ ക്ലാസിലെ സുഹറ ഉത്തരം സ്ലേറ്റിൽ എഴുതിക്കാണിച്ചു, അവൻ ശ്രദ്ധിച്ചില്ല. മജീദ് ഉറക്കെ വിളിച്ചുപറഞ്ഞു. ‘ഇമ്മിണി ബല്യ ഒന്ന്.’
ഇത് ബഷീറിന്റെ ബാല്യകാലസഖിയിൽ നിന്നല്ല, മാവിലാക്കടപ്പുറം ഗവ. എൽ.പി സ്കൂളിൽ നിന്നാണ്. സുൽത്താന്റെ ഓർമദിനത്തിൽ കുട്ടികളെല്ലാം മജീദുമാരും സുഹറമാരുമായി. ‘ഹുത്തിനി ഹാലിട്ട ലിത്താപ്പോ’എന്നായിരുന്നു വേറിട്ട ബഷീർ അനുസ്മരണപരിപാടിക്ക് പേര്. ബഷീർ അനുസ്മരണസമ്മേളനം വലിയപറമ്പ ഗ്രാമപഞ്ചായത്ത് അംഗം എം. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
യുവ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിൽ അനുസ്മരണപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ.വി. അജേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക അനിത, അധ്യാപിക ദേവി കൂവക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.