കാസർകോട്: ബേക്കൽ ഇന്റർനാഷനൽ ബീച്ച് ഫെസ്റ്റിെന്റ ഭാഗമായി പ്രവർത്തിപ്പിക്കുന്ന സാഹസിക ഇനങ്ങൾക്കുള്ള ഉപകരണങ്ങൾക്ക് സുരക്ഷാ ഉറപ്പും ലൈസൻസും മറ്റു രേഖകളും ഹാജറാക്കാത്തതിന് ബി.ആർ.ഡി.സി. എം.ഡി.ക്ക് കലക്ടറുടെ നോട്ടീസ്. എം.ഡിയോട് ഇന്ന് വിശദീകരണം നൽകാൻ കലക്ടർ ആവശ്യപ്പെട്ടു. സ്പീഡ് ബോട്ട്, പാരാസെയിലിങ്, ജയന്റ് വീൽ മുതലായ സാഹസിക ഇനങ്ങൾക്കും അമ്യൂസ്മെന്റ് പാർക്കുകൾക്കും സുരക്ഷ രേഖകൾ ഇല്ലാത്തതിനാലും സ്റ്റാളുകൾക്കും ഇതര നിർമാണങ്ങൾക്കും എൻ.ഒ.സി. വാങ്ങാത്തതിനാലുമാണ് ഫെസ്റ്റിെന്റ ജനറൽ കൺവീനർ കൂടിയായ കലക്ടർ നോട്ടീസ് അയച്ചത്.
പള്ളിക്കര പഞ്ചായത്തിലാണ് ഫെസ്റ്റ് നടക്കുന്നത്. ഇവ സമയ ബന്ധിതമായി ഹാജരാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകിയിട്ടും പ്രതികരിച്ചില്ല എന്നും അതിനാൽ ആയവ പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് പള്ളിക്കര ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് കലക്ടർക്ക് കത്ത് നൽകിയത്. ഇതെത്തുടർന്ന് ഫെസ്റ്റ് ആരംഭിക്കുന്ന 22ന് തലേദിവസം 21ന് ഉച്ചക്ക് 12.00 മണിക്ക് മുമ്പായി എല്ലാ അനുമതി പത്രങ്ങളും ഹാജറാക്കാൻ കലക്ടർ നിർദേശിച്ചിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച സാക്ഷ്യപത്രങ്ങൾപോലും ബി.ആർ.ഡി.സി സമർപ്പിച്ചിട്ടില്ലെന്ന് കലക്ടറുടെ നോട്ടിൽ പറയുന്നു.
സാഹസിക ഇനങ്ങളുടെ പ്രവർത്തനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സാക്ഷ്യപത്രങ്ങൾ ഹാജരാക്കാത്തതുകൊണ്ട് പൊതുജന സുരക്ഷ ഉറപ്പല്ല എന്നാണ് കണക്കാക്കുക. ആയതിനാൽ രേഖകൾ ഹാജറാക്കാത്തതിന് ഇന്ന് 12മണിക്കുള്ളിൽ കലക്ടറേറ്റിൽ ഹാജറായി വിശദീകരണം നൽകണമെന്ന് ബി.ആർ.ഡി.സി എം.ഡിയോട് കലക്ടർ ആവശ്യപ്പെട്ടു.
നിയമ സഭ സ്പീക്കർ എ.എൻ. ഷംസീർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് കലക്ടറുടെ നോട്ടീസ്. കഴിഞ്ഞ ദിവസം കലക്ടർ ഫെസ്റ്റ് പ്രദേശം ഉദ്യോഗസ്ഥ സംഘത്തോടൊപ്പം വന്നു പരിശോധിച്ചിരുന്നു. ഇതിൽ അപാകതകൾ കണ്ടെതിനെ തുടർന്നാണ് ഇന്ന് കർശന നോട്ടീസ് നൽകിയത്. ബീച്ച് ഫെസ്റ്റ് വാർത്ത സമ്മേളനത്തിലും വിളംബര ഘോഷയാത്രയിലും ജനറൽ കൺവീനറായ കലക്ടർ പങ്കെടുത്തിരുന്നില്ല.
കലക്ടറുടെ കത്ത് ലഭിച്ചിട്ടുണ്ട് എന്നും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സാക്ഷ്യപത്രങ്ങളും ലൈസൻസുകളും ഇല്ലാത്തവ പ്രദർശിപ്പിക്കില്ല എന്നും ബി.ആർ.ഡി.സി എം.ഡി.ഷിജിൻ പറമ്പത്ത് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.