ബേക്കല്‍ ബീച്ച് ഫെസ്റ്റ് 24ന്; 20ന് വിളംബര ഘോഷയാത്ര

കാസർകോട്: ബേക്കലിന്റെ മനോഹാരിതയെ അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയില്‍ അടയാളപ്പെടുത്തുന്ന ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഡിസംബര്‍ 20ന് നടക്കും. വൈകീട്ട് മൂന്നിന് പള്ളിക്കര ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ബേക്കല്‍ മിനി സ്റ്റേഡിയത്തിൽ അവസാനിക്കും.

സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ പറഞ്ഞു.

ഡിസംബര്‍ 24നാണ് ഫെസ്റ്റ് തുടങ്ങുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റോബോട്ടിക് ഷോ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പുഷ്പ പ്രദർശനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാര്‍, ഉദുമ മണ്ഡലം പരിധിയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, നഗരസഭ ചെയര്‍പേഴ്സൻ തുടങ്ങിയവര്‍ പങ്കെടുക്കും.

രണ്ടാംദിനം നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രഭാഷണം നടത്തും. അറബ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പരിപാടിയുടെ ഭാഗമാകും. 26ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, 27ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, 28ന് സന്തോഷ് ജോര്‍ജ് കുളങ്ങര, 30ന് കൃഷിമന്ത്രി പി. പ്രസാദ്, സി.ജെ. കുട്ടപ്പന്‍, 31ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഒന്നിന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ പങ്കെടുക്കും. രണ്ടിന് നടക്കുന്ന സമാപന പരിപാടിയില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫെസ്റ്റിന്റെ ഭാഗമായി കലാപരിപാടികളും പ്രദര്‍ശനങ്ങളും ജലകേളികള്‍ അടക്കമുള്ള സാഹസിക വിനോദ സൗകര്യവും അണിനിരക്കും. നൂറിന്‍ സിസ്റ്റേഴ്സ്, വിധുപ്രതാപ്, സിതാര കൃഷ്ണകുമാര്‍, ശബ്നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവരുടെ കലാപരിപാടികളും അരങ്ങേറും. തദ്ദേശീയരായ കലാകാരന്മാരുടെ പരിപാടികളും നടക്കും. 10 ദിവസം നീളുന്ന ഫെസ്റ്റില്‍ 2000ത്തോളം കലാകാരന്മാര്‍ അണിനിരക്കും. ടിക്കറ്റ് വില്‍പന കുടുംബശ്രീ, സഹകരണ ബാങ്കുകള്‍ വഴിയാണ്. ബീച്ചില്‍ പ്രത്യേക കൗണ്ടറും ടിക്കറ്റിനായി ഒരുക്കും.

Tags:    
News Summary - Bekal Beach Fest on 24-Proclamation procession on 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.