കുമ്പള: റോഡ് വികസിക്കുമ്പോൾ ഉണ്ടായേക്കാവുന്ന നിയമലംഘനങ്ങൾ പിടികൂടാൻ കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ കാമറകൾ സ്ഥാപിച്ച് മോട്ടോർ വാഹന വകുപ്പ്. കുമ്പള ടൗണിന് സമീപത്തുതന്നെയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ഉണ്ടായ 1500ഓളം വാഹനാപകടങ്ങളിൽ 67 ശതമാനം അപകടങ്ങളുടെയും പ്രധാന കാരണം അതിവേഗം ആണെന്നാണ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് തിരക്കേറിയ റോഡുകളിൽ കാമറകൾ സ്ഥാപിച്ച് വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും അതുവഴി അപകടങ്ങൾ കുറക്കുന്നതിനും ശ്രമിക്കുന്നത്. അതിവേഗത, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, ലൈസൻസ്, വാഹനങ്ങളുടെ ഇൻഷുറൻസ്, പുക പരിശോധന പുതുക്കാതിരിക്കുക എന്നിവയെല്ലാം വാഹന നമ്പർ മുഖേന കാമറയിൽ പതിയും. പിഴ ഈടാക്കുന്നതിന് ഇത് സഹായകമാവും.
ചെറിയ നിയമലംഘനംപോലും കണ്ടെത്താൻ ശേഷിയുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘകരുടെ ചിത്രം സഹിതം കാമറയിൽ തെളിയും. ഉടമകൾ 30 ദിവസത്തിനകം പിഴ അടച്ചിരിക്കണം. അല്ലാത്തപക്ഷം കോടതിയിൽ പോയി ഇരട്ടി തുക അടക്കേണ്ടിവരുമെന്നും അധികൃതർ പറയുന്നു.
കുമ്പളയിൽ അടുത്തകാലത്തായി വ്യാപാര സ്ഥാപനങ്ങളിലടക്കം നടന്ന കവർച്ചകളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കുമ്പളയിൽ കാമറ സ്ഥാപിച്ചതു വഴി ഇത്തരത്തിലുള്ള കവർച്ചക്കാരെയും, മയക്കുമരുന്ന് ലോബികളെയും കണ്ടെത്താനാവുമെന്നാണ് കുമ്പളയിലെ വ്യാപാരികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.