കാസർകോട്​ ഗവ. കോളജ്​ കാമ്പസ്

കാമ്പസുകൾ ഉണർന്നു; മഹാമാരിക്ക്​ മുമ്പുള്ള ഒാർമകളിലേക്ക്​ മടങ്ങി വിദ്യാർഥികൾ

കാസർകോട്​: കോവിഡ്​ മഹാമാരിക്കാലത്തെ കറുത്തനാളുകൾക്ക്​ വിട നൽകി ജില്ലയിലും ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ വീണ്ടും സജീവമായി. ഒക്​ടോബർ നാലിന്​ ബിരുദ, ബിരുദാനന്തര കോഴ്​സുകളിലെ ഫൈനൽ വിദ്യാർഥികൾക്ക്​ ക്ലാസുകൾ തുടങ്ങിയെങ്കിലും മറ്റ്​ ക്ലാസുകളിലുള്ളവർക്കും കോളജുകളിലെത്തി പഠിക്കാനുള്ള അവസരമാണ്​ വീണ്ടും കൈവന്നത്​. കാത്തിരുന്ന നാളെത്തിയതി​െൻറ സ​ന്തോഷമാണ്​ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പങ്കുവെച്ചത്​.

ഒന്നരവർഷത്തിനുശേഷം ജില്ലയിലെ കോളജ്​ കാമ്പസുകൾ വീണ്ടും സജീവമായപ്പോൾ ​മഹാമാരിക്കു മുമ്പുള്ള കാലംകൂടിയാണ്​​ പുനർജനിച്ചത്​. അതിരാവിലെ തന്നെ വിദ്യാർഥികൾ ബാഗുമായി പലവഴിയിൽനിന്നു വന്നത്​ പ്രതീക്ഷയുടെ പൊൻകണിയായി. ഒന്നാം സെമസ്​റ്റർ പ്രവേശന നടപടികൾ പൂർത്തിയാകുന്ന മുറക്ക്​ നവംബറോടെ കാമ്പസുകളിൽ മുഴുവൻ കുട്ടികളുമെത്തുമെന്നാണ്​ പ്രതീക്ഷ.

മാസ്​ക്കിട്ട്​, സാനിറ്റൈസറും കരുതി അകലം പാലിച്ചാണ്​ കുട്ടികൾ കാമ്പസിൽ ചെലവഴിച്ചത്​. കോവിഡ്​ മഹാമാരിക്കാലം അവസാനിച്ചില്ലെന്നും ഏതുനിമിഷവും നിലവിലെ സാഹചര്യം മാറുമെന്ന സ്​ഥിതിയാണുള്ളതെന്നും അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ബോധ്യപ്പെടുത്തി.

അകലം പാലിച്ച്​

ക്ലാസുകളിൽ അകലം പാലിച്ചാണ്​ വിദ്യാർഥികൾ ഇരുന്നത്​. ബിരുദ ക്ലാസുകളിൽ പകുതി കുട്ടിക​ൾക്കാണ്​ പ്രവേശനം. റെ​ാ​േട്ടഷൻ അടിസ്​ഥാനത്തിൽ മറ്റു കുട്ടികൾക്കും അവസരം കൊടുക്കുന്ന വിധമാണ്​ ക്ലാസുകൾ ക്രമീകരിച്ചത്​. ലാബുകൾ, ലൈബ്രറി എന്നിവിടങ്ങളിലെല്ലാം കോവിഡ്​ നിബന്ധന പ്രകാരമാണ്​ സജ്ജീകരണം. ജില്ലയിലെ മിക്ക കോളജുകളിലും ആദ്യദിനം കൂടുതൽ കുട്ടികൾ എത്തി. യാത്രാപ്രശ്​നവും ഗതാഗത സൗകര്യങ്ങളിലെ കുറവും തിരിച്ചടിയാണ്​.

പരീക്ഷക്കാലം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ പരീക്ഷകൾ കോളജുകളിൽ നടക്കുന്നുണ്ട്​. ജില്ലയിലെ മിക്ക കോളജുകളും വിദൂര വിദ്യാഭ്യാസ പരീക്ഷകേന്ദ്രങ്ങളാണ്​. ഇവർ കൂടി കോളജുകളിൽ ഉള്ളതിനാൽ സാമൂഹിക അകലം കണക്കിലെടുത്ത്​ എല്ലാവർക്കും കോളജുകളിൽ എത്തുന്നതിന്​ ചില നിബന്ധനകൾ വരുത്തി. നാലാം സെമസ്​റ്റർ വിദ്യാർഥികൾക്ക്​ നവംബർ രണ്ടിന്​ പരീക്ഷ നടക്കുന്നതിനാൽ ഒാൺലൈൻ ക്ലാസാണ്​ തിങ്കളാഴ്​ചയും നടന്നത്​. ജില്ലയിലെ ഏറ്റവും വലിയ കോളജായ കാസർകോട്​ ഗവ. കോളജിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാലും ഒന്നാം സെമസ്​റ്റർ പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനാലും മുഴുവൻ വിദ്യാർഥികൾക്കും തിങ്കളാഴ്​ച എത്താൻ കഴിഞ്ഞില്ല.

അകലം പാലിച്ച് അവർ ക്ലാസിലിരുന്നു

നീലേശ്വരം: നീണ്ട ഇടവേളക്കുശേഷം നെഹ്റു കോളജിൽ വീണ്ടും സഹപാഠികളെ മുഖംമൂടിയണിഞ്ഞ് കണ്ട​േപ്പാൾ പരസ്പരം തിരിച്ചറിയാൻ കുറച്ചുസമയം നോക്കിനിൽക്കേണ്ടിവന്നു. പാതിവഴിയിൽ പഠനം ഉപേക്ഷിച്ചപ്പോൾ കൂടെ പഠിച്ചവർക്കെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു. കോവിഡ് പ്രതിരോധത്തി​െൻറ ഭാഗമായി എല്ലാവരുടെയും മുഖത്ത് പലതരത്തിലുള്ള മാസ്ക്. ഓരോ ആളുകളെയും ക്ലാസ് മുറികളിൽ എത്തിയ ശേഷമാണ് ശരിക്കും തിരിച്ചറിയുന്നത്. തൊട്ടുരുമ്മി നിൽക്കാനോ അടുത്തിരുന്നു പഠിക്കാനോ കഴിയാത്ത അവസ്ഥ.

കാഞ്ഞങ്ങാട് നെഹ്റു കോളജിൽ 1200 വിദ്യാർഥികളിൽ 800ഓളം വിദ്യാർഥികൾ തിങ്കളാഴ്​ച ക്ലാസിൽ ഹാജരായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്​ദുല്ല, രാവിലെ നെഹ്റു കോളജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കോളജ് പ്രിൻസിപ്പൽ ഡോ. കെ.എസ്.സുരേഷ്, എൻ.എസ്.എസ് വളൻറിയർമാർ വിദ്യാർഥികൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ നൽകി. ആദ്യദിനം ആയതിനാൽ അധ്യാപകർ കുട്ടികളുടെയും കുടുംബത്തി​െൻറയും ആരോഗ്യസ്ഥിതികൾ ചോദിച്ചറിഞ്ഞു. പാഠഭാഗങ്ങൾ കൂടുതൽ എടുക്കാതെ ഓൺലൈൻ ക്ലാസുകളുടെ പഠനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു.

മാസ്കകിട്ട് വന്ന അധ്യാപകരെയും കുട്ടികൾക്ക് തിരിച്ചറിയാൻ പ്രയാസമുണ്ടായി. എന്നാലും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള പഠനരീതിയുമായി ഒന്നര വർഷംകൊണ്ട് കുട്ടികൾ പൊരുത്തപ്പെട്ടിരുന്നു. ആദ്യ ദിവസമായതിനാൽ ഉച്ചവരെ മാത്രമേ ക്ലാസുകൾ പ്രവർത്തിച്ചുള്ളൂ. കര്‍ശന മുന്‍കരുതല്‍ ഉറപ്പാക്കി കോവിഡിന് മുമ്പുള്ള നിലയിലേക്ക് പഠനത്തെ മടക്കിയെത്തിക്കാമെന്നാണു കോളജ് അധികൃതരുടെ പ്രതീക്ഷ. കോളജുകള്‍ ഈ മാസം 18ന് തുടങ്ങാനിരുന്നതാണ്. എന്നാല്‍, മഴയെ തുടര്‍ന്ന് ക്ലാസുകള്‍ നീട്ടുകയായിരുന്നു.

Tags:    
News Summary - Campuses woke up; Students return to pre-epidemic memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.