കാഞ്ഞങ്ങാട്: മംഗളൂരു- കോയമ്പത്തൂർ ഇൻറർ സിറ്റി എക്സ്പ്രസിൽ ദുരൂഹസാഹചര്യത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ കേസ് പൊലീസ് അവസാനിപ്പിച്ചു. മരിച്ച യുവാവിനെ തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിച്ചതെന്ന് കാസർകോട് റെയിൽവേ പൊലീസ് പറഞ്ഞു.
2021 ഒക്ടോബർ 25ന് രാവിലെ മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 11.10ന് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയ ഇൻറർസിറ്റിയുടെ മുൻഭാഗത്തെ ഭിന്നശേഷിക്കാർക്കായി റിസർവ് ചെയ്ത കമ്പാർട്ട്മെൻറിലാണ് യുവാവിനെ പരിക്കുകളോടെ അബോധാവസ്ഥയിൽ കണ്ടത്. ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് ആഴ്ചകളോളം കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലും ബോധം തിരിച്ചുകിട്ടാതെ കഴിഞ്ഞ യുവാവ് പിന്നീട് മരണത്തിന് കീഴടങ്ങി. കാസർകോട് റെയിൽവേ എസ്.ഐ ടി.എൻ. മോഹനനാണ് കേസന്വേഷണം നടത്തിയത്. പ്ലാസ്റ്റിക് പോലുള്ള വസ്തു ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടർന്നാന്ന് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മംഗളൂരു സ്റ്റേഷനിൽനിന്ന് ട്രെയിൻ കയറിയതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. യുവാവിന്റെ പക്കൽനിന്ന് കണ്ടെത്തിയ ബാഗിന്റെയും മൊബൈൽ ഫോണിന്റെയും ചുവടുപിടിച്ച് അന്വേഷണം മുംബൈയിലും ബിഹാറിലുമെത്തിയെങ്കിലും മരിച്ചയാളെ തിരിച്ചറിയാനായില്ല.
യുവാവിനൊപ്പം ട്രെയിനിൽനിന്ന് കണ്ടെത്തിയ പാന്റും ഷർട്ടും ഫോണും മുംബൈയിൽ വെച്ച് ബിഹാർ സ്വദേശിയായ ചെരിപ്പ് വ്യാപാരിയിൽനിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇതോടെ യുവാവ് മോഷ്ടാവാണെന്ന നിഗമനത്തിൽ പൊലീസെത്തി. കേസന്വേഷണം അവസാനിപ്പിച്ചതായുള്ള റിപ്പോർട്ട് റെയിൽവേ എസ്.ഐ മോഹനൻ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.