കാസർകോട്: കനത്ത മഴ തുടരുന്നതിനിടെ മഞ്ചേശ്വരം താലൂക്കിലെ പുത്തിഗെ പഞ്ചായത്തിലെ അംഗടിമുഗർ സ്കൂളിന് സമീപം മണ്ണിടിച്ചിൽ. മലയോര ഹൈവേ നിർമാണത്തിനായി കുന്നിൻ മുകളിൽനിന്ന് അശാസ്ത്രീയമായി മണ്ണെടുത്തതിന്റെ ഫലമാണ് മണ്ണിടിച്ചിലിന് കാരണമായി പറയുന്നത്. കുന്നിൻമുകളിൽ ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന അംഗഡിമുഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനും താഴെ നിരവധി വീടുകൾക്കും ഇടയിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്.
പ്രദേശത്ത് കഴിഞ്ഞവർഷവും വ്യാപക മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡിൽ കൃത്യമായ സംരക്ഷണഭിത്തിയില്ലാത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് ആരോപണം. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിൽ ഉയരത്തിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യം കഴിഞ്ഞ വർഷം പൊതുമരാമത്ത് മന്ത്രിയേയും കെ.ആർ.എഫ്.ബി അധികൃതരേയും എ.കെ.എം. അഷ്റഫ് എം.എൽ.എ അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
ജില്ല വികസന സമിതിയിലും എം.എൽ.എ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കാൻ അധികൃതർ തയാറായില്ല. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റും ഇക്കാര്യത്തിൽ വകുപ്പുതലത്തിൽ കത്ത് നൽകിയിരുന്നു. മണ്ണിടിച്ചിൽ തുടരുന്നതിനാൽ കെ.എസ്.ഇ.ബി അതികൃതർ കഴിഞ്ഞ ദിവസം ചില തൂണുകൾ മാറ്റിസ്ഥാപിച്ചിരുന്നു.
കാസർകോട്: മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പലരും കുടുംബവീടുകളിലേക്ക് മാറിത്താമസിക്കുകയാണ്. പ്രദേശത്തെ പത്തിലേറെ വീടുകൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മണ്ണിടിച്ചിൽ ഭീഷണി തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഷിരൂരോ ചൂരൽമലയോ ആവർത്തിക്കാൻ ഇടവരുമെന്നാണ് നാട്ടുകാർ പറയുന്നത്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന മലയോര ഹൈവേയിലെ അംഗഡിമുഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ എ.കെ.എം. അഷ്റഫ് എം.എൽ.എ സന്ദർശിച്ചു. കലക്ടറെ സംഭവത്തിന്റെ ഗൗരവം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശ പ്രകാരം ആർ.ഡി.ഒയും സ്ഥലത്തെത്തി.
ഇതുസംബന്ധിച്ച് യോഗം വിളിച്ചുചേർക്കാൻ എം.എൽ.എ ആർ.ഡി.ഒക്ക് നിർദേശം നൽകി. അതേസമയം, സംരക്ഷണഭിത്തി നിർമിക്കുന്നതിനുള്ള നിർദേശം ഉൾപ്പെടുത്തി റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടെന്നും കിഫ്ബി അനുമതി ലഭ്യമാകുന്നമുറക്ക് പ്രവൃത്തി ആരംഭിക്കുമെന്നും കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ എം.എൽ.എയെ അറിയിച്ചു. പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആൾവ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.