മടിക്കൈ: കാത്തിരിപ്പിനൊടുവിൽ മടിക്കൈ പഞ്ചായത്തിലെ ചെരണത്ത പാലം, കാരാക്കോട് പാലം എന്നിവ യാഥാർഥ്യത്തിലേക്ക്. കാരാക്കോട് പാലം, ചെരണത്ത പാലം നിർമാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് ചെരണത്തല പാലം ശിലാസ്ഥാപന ചടങ്ങിൽ ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷണൻ മുഖ്യാതിഥിയായി. ചെരണത്തലയെ ബങ്കളം ചായ്യോത്ത് റോഡുമായി ബന്ധിപ്പിക്കുന്ന പാലമാണിത്.
കർഷകരുൾപ്പെടെയുള്ളവർക്ക് നീലേശ്വരം, കാഞ്ഞങ്ങാട് നഗരവുമായി ബന്ധപ്പെടാൻ ഇതിലൂടെ എളുപ്പവഴിയൊരുങ്ങും. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് പാലം രേഖകളിലെത്തുന്നത്. സംസ്ഥാന ബജറ്റ് 2023-24ലാണ് 10 കോടി രൂപ അനുവദിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, ഉമേശൻ വേളൂർ, എം. രാജൻ, രാഘവൻ കൂലേരി, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.ടി. നന്ദകുമാർ, ഗംഗാധരൻ, രതീഷ് പുതിയപുരയിൽ, കെ.എം. ഷാജി, പ്രഭാകരൻ എന്നിവർ സംസാരിച്ചു. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും കുമാരൻ നന്ദിയും പറഞ്ഞു.
നീലേശ്വരം: കച്ചേരിക്കടവിൽ നീലേശ്വരം പുഴക്ക് കുറുകെ നിർമിക്കുന്ന കച്ചേരിക്കടവ് റോഡു പാലത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിങ്കളാഴ്ച രാവിലെ 11.30ന് നിർവഹിക്കും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും.
നീലേശ്വരം: ഗവ. എൽ.പി സ്കൂളിന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഓൺലൈനിൽ നിർവഹിക്കും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് അനുവദിച്ച 2.75 കോടി രൂപ ചെലവിലാണ് സ്കൂളിനായി ലിഫ്റ്റ് സൗകര്യത്തോടെയുള്ള മൂന്നുനില കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.