കാസർകോട്: രണ്ടാമത് പെയ്ത വേനൽമഴയിലും ചെർക്കള ദേശീയപാത റോഡ് ചെളിക്കുളമായതോടെ നാട്ടുകാർ രോഷത്തിൽ. വ്യാഴാഴ്ച രാവിലെ ദേശീയപാതയിൽ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വലിയ കുളം രൂപപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് കർമസമിതി ഒത്തുചേരുകയും ദേശീയപാത ഉപരോധിക്കാൻ ശ്രമം നടത്തുകയും ചെയ്തു. അതിനിടെ, ദേശീയപാത അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഉടൻ തന്നെ വെള്ളം പോകാൻ ഓവുചാൽ ഒരുക്കാമെന്ന് അറിയിച്ചു.
ദേശീയപാത അതോറിറ്റി പ്രതിനിധികൾ, മേഘ എൻജിനീയറിങ് വിഭാഗം, സ്ഥലം എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, കലക്ടർ എന്നിവരെയും ബന്ധപ്പെട്ടു. എല്ലാവരും ഉടൻ എത്തുമെന്ന് അറിയിച്ചെങ്കിലും വൈകീട്ട് മൂന്നുവരെ ആരും എത്തിയില്ല. എന്നാൽ, കുറച്ച് സമയംകഴിഞ്ഞ് പാത നിർമാതാക്കളായ മേഘയുടെയും ദേശീയപാതുടെയും പ്രതിനിധികൾ എത്തി. അവർ കുറച്ചുസമയം ചെലവഴിച്ച് വന്ന കാറിൽ സ്ഥലം വിട്ടു. കലക്ടർ എത്തിയതുമില്ല. സ്ഥലം എം.എൽ.എ എത്തി.
കേരളത്തിൽനിന്ന് ജാൽസൂർ വഴി കർണാടകയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കടന്നുപോവുന്നത് ചെർക്കള വഴിയാണ്. വെള്ളം ഒഴുകിപ്പോകാൻ നേരെത്തെയുണ്ടായിരുന്ന ഓവുചാൽ ഇല്ലാതാക്കിയതാണ് പ്രശ്നത്തിന് കാരണം. പുതിയത് നിർമിച്ചതുമില്ല. ഓവുചാൽ ആദ്യം നിർമിച്ച് വെള്ളം ഒഴുകാൻ സംവിധാനമുണ്ടാക്കണമെന്നാണ് കർമസമിതിയുടെ ആവശ്യം. നേരത്തേ പ്രശ്നം എൻ.എച്ച്. റീജനൽ ഓഫിസറെയും പ്രോജക്റ്റ് ഡയറക്ടറെയും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ യുടെ നേതൃത്വത്തിൽ നേരിട്ട് അറിയിച്ചിരുന്നു.
എന്നാലിത് പാടെ അവഗണിക്കുകയായിരുന്നു. ചെർക്കള ടൗൺ പൂർണമായും ഒന്നര മീറ്റർ താഴ്ത്തുക എന്നതായിരുന്നു ദേശീയപാത അധികൃതരുടെ ആദ്യ തീരുമാനം. ഓവുചാൽ ഉണ്ടാക്കാതെ ഇങ്ങനെ താഴ്ത്തിയാൽ വലിയ അപകടങ്ങൾ ഉണ്ടാകുമെന്ന് കർമസമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
കാലവർഷം അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഓവുചാൽ ഉണ്ടാക്കാനും സമയമില്ലാത്ത സ്ഥിതിയാണ്. ഒരു ആഴ്ച കനത്തമഴക്ക് സാധ്യതയുണ്ട്. പ്രശ്നം രൂക്ഷമാകാനാണ് സാധ്യത. കുറ്റമറ്റ ഡ്രൈനേജ് സംവിധാനം ഉടനടി ആരംഭിക്കണമെന്ന് ചെർക്കള എൻ.എച്ച്. ജനകീയ കൂട്ടായ്മ സമരസമിതി ചെയർമാൻ മൂസ ബി. ചെർക്കള, വർക്കിങ് ചെയർമാൻ നാസർ ചെർക്കളം, ജനറൽ കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി ബടക്കേക്കര, ട്രഷറർ പി.എ. അബ്ദുല്ല ടോപ്പ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.