കാസർകോട്: മഴക്കാലാരംഭത്തോട് കൂടി പകർച്ചവ്യാധി വ്യാപനസാധ്യത മുൻകൂട്ടികണ്ടു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ആരോഗ്യവകുപ്പ് .ജില്ലതലത്തിലും തദ്ദേശസ്വയംഭരണ തലത്തിലുമുള്ള ആരോഗ്യജാഗ്രത സമിതികളുടെ യോഗം നേരത്തേതന്നെ വിളിച്ചുചേർത്തിരുന്നു. വാർഡുതല ആരോഗ്യ ശുചിത്വ സമിതികളുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നുമുണ്ട്.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ക്ലിനിക്കുകൾ ആരംഭിച്ചു. പ്രധാന ആശുപത്രികളിൽ പ്രത്യേക പനി വാർഡുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തി. ബ്ലീച്ചിങ് പൗഡർ, കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന കെമിക്കലുകൾ എന്നിവയും എല്ലാ സ്ഥാപനങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ലാബുകളിൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയും ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തു. ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ആവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിച്ചു വരുന്നു. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പനി സർവേ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ, സ്പ്രേയിങ്, ഫോഗിങ് തുടങ്ങിയ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നു. എലിപ്പനി പ്രതിരോധത്തിന് ആവശ്യമായ ഡോക്സിസൈക്ലിൻ ഗുളികകളുടെ വിതരണം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ രോഗവ്യാപനസാധ്യതയുള്ള ആളുകൾക്കിടയിലും പ്രദേശങ്ങളിലും വിതരണം ചെയ്തുവരുന്നു.
സർക്കാർ നിർദേശമനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി നിയോജകമണ്ഡലതലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം എം.എൽ.എമാരുടെ നേതൃത്വത്തിൽ ജൂലൈ മൂന്ന്, നാല്, എട്ട് തീയതികളിലായി ചേരുന്നുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു ജില്ലയിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി സംഘടിപ്പിക്കുകയാണെന്നും മുഴുവൻ ജനവിഭാഗങ്ങളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളോടും പ്രവർത്തനങ്ങളോടും സഹകരിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
കാസർകോട്: ജില്ലയിൽ പനി ബാധിച്ച് വെള്ളിയാഴ്ച 673 പേർ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. ഡെങ്കിപ്പനിയെന്നു സംശയിക്കുന്ന രണ്ടുപേരും വെള്ളിയാഴ്ച ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൾ ഇതിനു പുറമെയാണ്.
വ്യാഴാഴ്ച 473 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഡെങ്കിപ്പനി സംശയിക്കുന്ന മൂന്നുപേരും ചികിത്സ തേടിയിരുന്നു. എന്നാൽ ഡെങ്കിപ്പനി ഇതുവരെ ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ഹെപ്പറ്റൈറ്റിസ് എ, എലിപ്പനി എന്നിവ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.