മംഗളൂരു: കുന്നൂരിലെ ഹെലികോപ്ടര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ലഫ്. കേണല്‍ ഹര്‍ജിന്ദര്‍ സിങ് ഉഡുപ്പിയുടെ മരുമകൻ. വീരപുത്രെൻറ വിയോഗത്തിൽ അജ്മീറിനൊപ്പം ഉഡുപ്പിയും വിതുമ്പുകയായിരുന്നു. തീരദേശ ജില്ലയായ ഉഡുപ്പി കാര്‍ക്കള സല്‍മാര സ്വദേശിനിയായ ക്യാപ്റ്റന്‍ ആഗ്നസ് പ്രഫുല്ല മെനേസസിെൻറ ഭര്‍ത്താവാണ് ഹർജിന്ദർ സിങ്. കാര്‍ക്കള നഗരസഭ വൈസ് പ്രസിഡൻറായിരുന്ന പരേതനായ ഫിലിപ്പ് മെനേസസിെൻറയും മേരിയുടെയും നാലു മക്കളില്‍ ഇളയവളായ ആഗ്നസ് പഠനകാലം കഴിഞ്ഞപ്പോള്‍ തന്നെ കരസേനയില്‍ ചേര്‍ന്നു.
തീര്‍ത്തും വ്യത്യസ്തമായ രണ്ടു സംസ്കാരങ്ങളില്‍ നിന്നെത്തിയവര്‍ തമ്മില്‍ അവിടെവെച്ചുണ്ടായ പ്രണയമാണ് രാജസ്ഥാന്‍കാരനായ ഹര്‍ജിന്ദറിനെ കാര്‍ക്കളയുടെ മരുമകനാക്കിയത്. 15 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സൈന്യത്തിലെ നേരിട്ടുള്ള ചുമതലകളില്‍നിന്നും മാറി ഇപ്പോള്‍ ഡല്‍ഹിയിലെ സൈനിക സ്കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിക്കുകയാണ് ആഗ്നസ്. ഏക മകള്‍ ഡല്‍ഹിയില്‍ പഠിക്കുകയാണ്.
ജോലിത്തിരക്കുകള്‍ക്കിടയിലും കാര്‍ക്കളയില്‍ എത്താൻ ഇരുവരും സമയം കണ്ടെത്തുമായിരുന്നു. കാർക്കളയിൽ എത്താൻ വൈകിയാൽ ആഗ്നസിെൻറ അമ്മ മേരിയെ ഫോണില്‍ വിളിച്ച് വീട്ടുകാര്യങ്ങള്‍ അന്വേഷിക്കും. ഒരുവര്‍ഷം മുമ്പാണ് സൈനിക മേധാവി ബിപിന്‍ റാവത്തിെൻറ ഔദ്യോഗിക സംഘത്തില്‍ അംഗമായത്. മൂന്നുമാസം മുമ്പാണ് ആഗ്നസും ഹര്ജിന്ദറും മകള്‍ക്കൊപ്പം ഏറ്റവുമൊടുവില്‍ കാര്‍ക്കളയില്‍ വന്നുമടങ്ങിയത്. ദുരന്തമുഖത്തും സമചിത്തത കൈവിടാതെ ആഗ്നസ് തന്നെയാണ് അമ്മയെയും സഹോദരി പുഷ്പയെയും വിളിച്ച് വിവരമറിയിച്ചത്. കുടുംബാംഗങ്ങള്‍ അടുത്തദിവസം തന്നെ ഡല്‍ഹിയിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.