മടിക്കൈ: തിരുവാതിര തിരതല്ലിയ വിവാദങ്ങൾക്കിടെ സി.പി.എം കാസർകോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ മെഗാ തിരുവാതിര ഒഴിവാക്കി. 125 പേരുടെ തിരുവാതിരയാണ് ആസൂത്രണം ചെയ്തിരുന്നത്. തിരുവാതിര മാത്രമല്ല, കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ പലതും ഒഴിവാക്കി സി.പി.എം ജില്ല നേതൃത്വം. അതേസമയം സമ്മേളനം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ, ടി.പി.ആർ നിരക്ക് കൂടുന്നതിനാൽ ഹാളിൽ 75 പേർക്ക് മാത്രമല്ലേ സമ്മേളിക്കാൻ പാടുള്ളൂവെന്ന നിർദേശമുണ്ടല്ലോ എന്ന ചോദ്യത്തിൽനിന്ന് നേതൃത്വം ഒഴിഞ്ഞുമാറി.
സർക്കാറിന്റെയും കലക്ടറുടെയും കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സമ്മേളനം നടത്തുകയെന്ന് ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ വിശദീകരിച്ചു.
അതേസമയം, സമ്മേളനം നടക്കുന്ന മടിക്കൈ അമ്പലത്തുകരയിൽ 185 പ്രതിനിധികൾക്ക് ഇരിക്കാവുന്ന പ്രത്യേക ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാമോയെന്ന ചോദ്യത്തിന് വന്നുനോക്ക്, അപ്പോൾ കാണാം എന്ന മറുപടിയാണ് ജില്ല സെക്രട്ടറി നൽകിയത്. 75 പേർക്കാണ് സമ്മേളിക്കാൻ അനുമതിയുള്ളത് എന്നിരിക്കെ, സാമൂഹിക അകലം പാലിക്കാൻ ഹാളിന് എത്ര ചതുരശ്ര അടി വിസ്തീർണമുണ്ട് എന്ന ചോദ്യത്തിന് അളന്നുനോക്കിയിട്ടില്ല എന്നും 500 പേർക്ക് ഇരിക്കാവുന്നതാണ് എന്നുമായിരുന്നു മറുപടി.
തിരുവാതിര വിവാദങ്ങളുമായി കാസർകോട്ടെ തിരുവാതിര ഒഴിവാക്കിയതിന് ബന്ധമില്ല. കോവിഡാണ് പ്രധാനം. സർക്കാറിന്റെ മാർഗനിർദേശം അനുസരിക്കുന്നു-ജില്ല സെക്രട്ടറി പറഞ്ഞു. രക്തസാക്ഷി കുടുംബസംഗമം മാറ്റിവെച്ചിട്ടുണ്ട്.
പൊതുസമ്മേളനം പൂർണമായും മാറ്റി. ജനങ്ങളോട് സമ്മേളന നഗരിയിലേക്ക് വരരുതെന്ന് പറഞ്ഞിട്ടുണ്ട്. കൊടി, കൊടിമര ജാഥകളുടെ സ്വീകരണങ്ങളും പതാകജാഥ സ്വീകരണങ്ങളും മാറ്റിയെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.