കാസർകോട്: നാലുലക്ഷത്തിലേറെ തൊഴിലാളികളുടെ പ്രതീക്ഷയായ നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് പൂട്ടലിന്റെ വക്കിൽ. തദ്ദേശസ്ഥാപനങ്ങൾ വഴി കെട്ടിട നിർമാണ സെസ് പിരിച്ച് ബോർഡിന് കൈമാറാനുള്ള പദ്ധതി നടപ്പാക്കാത്തതാണ് പ്രധാന കാരണം.
ഈ പദ്ധതിയുടെ സോഫ്റ്റ് വെയർ തയാറാക്കാൻ പൊതുമേഖല സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനെ(ഐ.കെ.എം)യാണ് ഏൽപിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ രണ്ടുതവണ യോഗം ചേർന്ന് നിർദേശം നൽകിയിട്ടും ഐ.കെ.എം ഗൗരവത്തിലെടുത്തില്ല. തിരുവനന്തപുരം കോർപറേഷനിൽ 2024 മാർച്ച് 16 മുതൽ നടപ്പാക്കി നഗരസഭ-കോർപറേഷൻതല പിരിവിന് തുടക്കമിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും നടന്നില്ല. ഏപ്രിൽ ഒന്നുമുതൽ ഗ്രാമ പഞ്ചായത്ത് തലത്തിലും തീരുമാനിച്ചിരുന്നു. ഐ.കെ.എമ്മിന്റെ അനാസ്ഥ കാരണം രണ്ടും നടന്നില്ല.
നിലവിൽ ലേബർ ഓഫിസ് വഴി പിരിക്കുന്ന 10 വർഷം മുമ്പുള്ള സെസ്, കേന്ദ്ര -സംസ്ഥാന പൊതുമേഖല നിർമാണങ്ങളുടെ സെസ് എന്നിവക്കൊപ്പം മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ നിന്നു 140 കോടി രൂപയും ചെത്തുതൊഴിലാളി ക്ഷേമനിധിയിൽ നിന്നു 100കോടി രൂപയും കടമെടുത്താണ് പ്രവർത്തനം നടക്കുന്നത്. പ്രതിമാസം 52 കോടി രൂപയാണ് പെൻഷൻ നൽകാൻ വേണ്ടത്. ഇപ്പോൾ ലഭിക്കുന്നത് 30 കോടി രൂപ മാത്രമാണ്. മുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകാൻ 700 കോടി വേണം. നാലു മാസം കൂടി ഇങ്ങനെ പോവുകയാണെങ്കിൽ ബോർഡ് സാമ്പത്തികമായി നിശ്ചലമാകും. ഇപ്പോഴുള്ള നാലു ലക്ഷം നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് വാർധക്യകാല പെൻഷൻ സംസ്ഥാന സർക്കാർ നേരിട്ട് നൽകേണ്ടിവരും.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കടമെടുത്ത് മൂന്ന് മാസത്തെ പെൻഷൻ തുടർച്ചയായി നൽകിയത്. ഒരു വർഷത്തേത് ഇപ്പോഴും കുടിശ്ശികയാണ്.
നാലുമാസത്തിനകം തദ്ദേശ സ്ഥാപനങ്ങളിൽനിന്നും സെസ് പിരിച്ച് കൈമാറിയില്ലെങ്കിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമനിധി ബോർഡ് പൂട്ടേണ്ട സ്ഥിതിയാണ്.
കെട്ടിട നിർമാണ ചെലവിന്റെ ഒരു ശതമാനമാണ് സെസ്. ഇത് കൃത്യമായി പിരിച്ചാൽ ഒരു പ്രതിസന്ധിയുമില്ലാതെ ബോർഡിന് മുന്നോട്ടുപോകാം. നാലുലക്ഷം പേർ പെൻഷൻകാർ മാത്രമാണ്.
രജിസ്റ്റർ ചെയ്ത തൊഴിലാളികൾ 20 ലക്ഷത്തോളം വരും. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിലവിൽ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.